ബെര്‍ലിന്‍: ബെര്‍ലിന്‍: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിലേക്ക് നീങ്ങുകയാണ്. തൊട്ടടുത്ത എതിരാളികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ബയേണ്‍ ഏഴു പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്തെത്തി.
ഈ വിജയത്തോടെ ബയേണിന് ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അറുപത്തിനാലു പോയിന്റായി. തോറ്റെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുന്ന ബൊറൂസിയയ്ക്ക് ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അമ്പത്തിയേഴ് പോയിന്റാണുള്ളത്.
ജോഷ്വ കിമ്മിച്ചിന്റെ ഗോളാണ് ബയേണിന് വിജയമൊരുക്കിയത്. ഇടവേളയ്ക്ക് മുമ്പാണ് ജോഷ്വ ലക്ഷ്യം കണ്ടത്. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ പന്ത് പിടിച്ചെടുത്ത ജോഷ്വ ഇരുപത് വാര അകലെ നിന്ന്് പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. ഈ സീസണില്‍ ബോക്്സിന് പുറത്ത്് നിന്ന് കിമ്മിച്ച് നേടുന്ന മൂന്നാമത്തെ ഗോളാണിത്.കഴിഞ്ഞ നവംബറില്‍ ഈ ടീമുകള്‍ മ്യൂണിച്ചില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഡോട്ട്്മുണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
മറ്റൊരു മത്സരത്തില്‍ ബയര്‍ ലവര്‍കുസന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വൂള്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചു. എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും ഫ്രീബര്‍ഗും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും മൂന്ന്് ഗോള്‍ വീതം നേടി. വെര്‍ഡന്‍ ബ്രീമന്‍, ബൊറൂസിയ എംഗ്ലാഡ്ബാറ്റിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: