നിര്‍ഗ്ഗുണബ്രഹ്മത്തിന്റെ ആദ്യവികാസത്തെ(വിവര്‍ത്തത്തെ) സഗുണബ്രഹ്മമെന്നു വിളിക്കുന്നു. അവിടെ പരമേശ്വരന് കാഴ്ചക്കാരനും, കാഴ്ച സങ്കല്പവികല്പങ്ങളും (ഇളക്കങ്ങള്‍) ആണ്. ഇളക്കങ്ങളെ കാലം എന്ന ഉപാധിയിലാണ് നാം കണ്ടുശീലിച്ചിട്ടുള്ളത്. അതുകൊണ്ട് പരമേശ്വരന് കാലസ്വരൂപനെന്ന് ചിലര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ പരമേശ്വരനു ശരീരമില്ല. അരൂപിയും അസംഗനുമായ ശുദ്ധകാഴ്ചക്കാരനാണ്.
അടുത്ത വികാസത്തില്‍ (വിവര്‍ത്തത്തില്‍) തനിക്കു കഴിവുകളുണ്ടെന്നും, തനിക്കു രൂപമുണ്ടെന്നും താന്‍ നിയന്താവാണെന്നുമുള്ള തോന്നല്‍ പരമേശ്വരനില്ത്തന്നെ ഉണ്ടാവുന്നു. കഴിവ്(ശക്തി) ശിവാനിയായി കൂടെനില്‍ക്കുന്നു. ശിവന് തന്നെത്തന്നെ കാണുന്ന രൂപമാണ് ആദിനാരായണന്(വിഷ്ണു) എന്ന നിയന്താവായി അറിയപ്പെടുന്നത്. ശിവപാര്‍വ്വതിമാരെ ദമ്പതിമാരായും, വിഷ്ണുഭഗവാനെയും ഭഗവതിയെയും സഹോദര-സഹോദരിമാരായും നമ്മുടെ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് അതുകൊണ്ടാണ്.
യഥാര്‍ത്ഥത്തില്‍ മേല്പറഞ്ഞ തലങ്ങളിലൊന്നും തന്നെ ആണ്-പെണ് ഭേദമില്ല. കാവ്യകല്പനകള് മാത്രമാണവ. അവതാരങ്ങള്‍ മുതല്ക്കേ ആ വ്യത്യാസങ്ങള്‍ പ്രകടമാകുന്നുള്ളു. രാധാ-കൃഷ്ണ ദ്വന്ദങ്ങള്‍ ഉദാഹരണം.
വിവേകത്തിനും വര്‍ഗ്ഗീകരണത്തിനും ഊന്നല്‍കൊടുക്കുന്ന ഭാരതീയചിന്തയില്‍ ഇത്തരം പടിപടിയായുള്ള സൂക്ഷ്മവിശകലനങ്ങളും, അവയ്ക്കൊക്കെ വെവ്വേറെ പേരുകളും കൊടുത്തുകാണുന്നതില് അത്ഭുതപ്പെടേണ്ടതില്ല. ആധുനികശാസ്ത്രങ്ങളുടെ ഗണിതശൈലിപോലെ ഇതും ഒരു ശൈലി.
നമ്മുടെ മാനവികശൈലി കൂടുതല്‍ മസ്തിഷ്കസൗഹൃദമാണെന്നത് ഒരു പോരായ്മയല്ല. മറിച്ച് കൂടുതല്‍ വിപുലവും സുഗമവുമാണ്. പരിശോധന വേണ്ടിടത്ത് ഗണിതത്തെ തള്ളിക്കളയുന്നുമില്ല. നമ്മുടെ ശൈലിയും ഒരുതരം കണക്കാണ്, യൂക്ലിഡിന്റെ ജ്യാമിതിയെപോലെ.
എത്ര പൗരാണികന്മാരും ശ്രോതക്കളുമുണ്ടോ അത്രയും ഉപാഖ്യാനങ്ങളും അലങ്കാരങ്ങളും രൂപാന്തരങ്ങളുമുണ്ടാകുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. ഭാവനാവിലാസങ്ങള്‍ക്ക് അതിരുകളില്ല. അതിരുകളിടേണ്ടതുമില്ല. ദേവതകള്‍ പലതല്ലെന്ന് മനസ്സിന്റെ പിന്നാമ്പുറത്ത് എല്ലായ്പ്പോഴും ഓര്‍ത്തുവെച്ചാല്‍ മതിയാകും.
ഏകത്വം ഹൈന്ദവബഹുസ്വരതയെ അരാജകത്വത്തില്‍ നിന്ന് രക്ഷിക്കുന്നു. ബഹുസ്വരത ഏകത്വത്തിന്റെ കടുംപിടുത്തങ്ങളില് നിന്നും രക്ഷിക്കുന്നു. ജഗത്തും ബ്രഹ്മവികാസങ്ങളും ഇല്ലാത്തവയല്ല. അവയും ബ്രഹ്മം തന്നെ. അവ കാണപ്പെടുന്ന ദേശകാലാദി ഉപാധികളാണ് ഇല്ലാത്തവ. ഉപാധികള്‍ ഉള്ളവയെന്ന് തെറ്റിദ്ധരിക്കുന്നതാണ് മായ.
ബ്രഹ്മം എന്ന നിര്ഗ്ഗുണസത്തും ഉപാധികള്‍ എന്ന അസത്തും ചേരുമ്പോഴാണ് സഗുണദൃശ്യലോകങ്ങളുണ്ടാകുന്ന്. ഒരുവിധത്തില്‍ നോക്കുമ്പോള്‍ ഉപാധികളും നിര്ഗ്ഗുണങ്ങള്തന്നെ.
ഒരു വിവര്ത്തതലത്തില് നിന്നും മറ്റൊരു വിവര്ത്തതലത്തിലേക്ക് കടക്കാനുള്ള കയറ്റിറക്കങ്ങള്ക്കുള്ള തട്ടിന്പുറവാതിലുകളായി ഉപാധികളെ കാണാവുന്നതാണ്. ആധുനികശാസ്ത്രത്തില്‍ ന്യൂട്ടന്റെ ഭൗതികത്തിന്റെ ഉപാധികള്‍ സ്ഥലകാലദ്രവ്യങ്ങളും അവയുടെ അളവുകളുമാകുന്നു. ദ്രവ്യത്തിന്റെ വാതില്‍ നീക്കിയാല്‍ പിന്നെ ബലം വേണ്ട, ശുദ്ധചലനത്തിന്റെ ഭൗതികമായി. ദ്രവ്യമാനം എന്ന അളവ് സ്ഥലകാലങ്ങളിലെ ആവൃത്തി(ആവര്‍ത്തനങ്ങളുടെ അളവ്) ആയിത്തീരുന്നു. ബലപ്രയോഗം നൃത്തമായി മാറുന്നു. സ്ഥലത്തെ ചുരുക്കി ത്രിമാനത്തില്‍ നിന്ന് ശൂന്യമാനമാക്കിയാല് യോഗിയുടെ ചിദാകാശവും ജ്ഞാനിയുടെ ദഹരാകാശവുമായിത്തീരുന്നു. അവിടെ കാലഗണന മാത്രമാണുള്ളത്. അതും പോയാല്‍ ശിവപ്രാപ്തിയായി.
ശങ്കരഭഗവാന്റെ ചിദാകാശത്തിലെ തുടിയുടെ നാദാനുസാരമാണ് ചിത്താകാശത്തിലെ വൃന്ദാവനത്തില്‍ രാധാകൃഷ്ണന്മാര് നൃത്തം ചെയ്യുന്നതെന്നും, ഭൂതാകാശത്തിലെ കണാദഋഷിയുടെ കണങ്ങളും ഡെമോക്രിറ്റീസിന്റെ ആറ്റങ്ങളും, ന്യൂട്ടന്റെ ദ്രവ്യങ്ങളും സത്യേന്ദ്രനാഥ് ബസുവിന്റെ ഘനദ്രവ്യങ്ങളും ചലിക്കുന്നതെന്നും വന്നാല്‍, അതില്‍പ്പരം ആശ്ചര്യത്തിന് എന്ത് അവകാശം? നാദ തനുമനിശം ശംകരം നമാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: