കോലഞ്ചേരി: പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിലെ ബോയ്ലറില്‍ കത്തിക്കരിഞ്ഞ നിലയില്‍ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. ഏകദേശം 25നും 40നും ഇടയിലുള്ള പുരുഷന്റെ മൃതദേഹമാണ് രണ്ട് കാലുകളും ശരീരത്തില്‍നിന്ന് വേര്‍പെട്ട നിലയില്‍ 23ന് ജീവനക്കാര്‍ ബോയ്ലര്‍ ശുചീകരിക്കുന്നതിനിടയില്‍ കണ്ടെത്തിയത്. മരിച്ചയാളുടെ ഡിഎന്‍എ ടെസ്റ്റും ആന്തരീകായവങ്ങളുടെ പരിശോധനയും നടക്കുകയാണ്.
രണ്ടു മാസത്തില്‍ താഴെയാണ് മൃതദേഹത്തിന്റെ പഴക്കം നിര്‍ണയിച്ചത്. 85 അസം തൊഴിലാളികളാണ് കമ്പനിയിലുണ്ടായിരുന്നത്. ഇവര്‍ ലോക്ഡൗണ്‍ കാലത്ത് കമ്പനിയില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കമ്പനിക്ക് പുറമെനിന്ന് എത്തിയവരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണോയെന്നും വെളിയില്‍നിന്ന് മൃതദേഹം ബോയ്ലറില്‍ കൊണ്ടിട്ടതാണോയെന്നുമാണ് കുന്നത്തുനാട് പോലീസ് പരിശോധിക്കുന്നത്.
രണ്ട് മാസമായി കാണാതായ ഇതര സംസ്ഥാനക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: