കണ്ണൂര്‍: ബിജെപി സംസ്ഥാന സമിതി അംഗമായ എം.കെ. ശശീന്ദ്രന്‍ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം. നാല് പതിറ്റാണ്ടിലേറെക്കാലം ബിജെപിയിൽ കർമ്മനിരതനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയെല്ലാം അടുത്ത സുഹൃത്തുകൂടിയായിരുന്നു. പിഎസ്പി പ്രാദേശിക നേതാവായിരുന്ന വാരത്തെ വായോറ ഗോവിന്ദന്‍ നമ്പ്യാരുടെയും എം.കെ. ശ്രീദേവി അമ്മയുടെയും ഏക മകനായി 1951ല്‍ ആണ് ശശീന്ദ്രന്‍ മാസ്റ്ററുടെ ജനനം.
അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ അധ്യക്ഷനായി ജനതാ പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയുടെ എടക്കാട് നിയോജകമണ്ഡലം പ്രസിഡണ്ടായി ശശീന്ദ്രന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനതാപാര്‍ട്ടിയിലെ ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടിക്കകത്ത് ഒരുവിഭാഗം സോഷ്യലിസ്റ്റുകളും മുന്നണിക്കകത്തെ ഒരുവിഭാഗം ഇടത് പക്ഷ വിഭാഗവും പീഡിപ്പിച്ചപ്പോള്‍ ദ്വയാംഗവാദത്തിന്റെ പേരില്‍ ജനതാപാര്‍ട്ടി പിളരുകയും ജനതാപാര്‍ട്ടിയിലെ സ്വയംസേവകരോട് ആഭിമുഖ്യം പുലര്‍ത്തിയ സംഘടനാ കോണ്‍ഗ്രസ് നേതാക്കളായ എന്‍.സി.ടി. മധുസൂദനന്‍ നമ്പ്യാര്‍, പി. അച്ചുതന്‍, എസ്.പി. മൊയ്തുഹാജി എന്നിവരോടൊപ്പം എടക്കാട് മണ്ഡലത്തില്‍ നിന്നും ശശീന്ദ്രന്‍ മാസ്റ്ററുടെയും ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നും എ.വി. കരുണാകരന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ബിജെപിയോടൊപ്പം നിന്നു.
സോഷ്യലിസ്റ്റ് നേതാക്കളായ എം.കെ. ലക്ഷ്മണന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലും നിരവധി സോഷ്യലിസ്റ്റ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഈ ഘട്ടത്തില്‍ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. അച്ചടക്കമുള്ള പ്രവര്‍ത്തകനും ഇച്ഛാശക്തിയുള്ള നേതാവുമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍. സംഘടന ഏൽപിക്കുന്ന പദവികളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും വൈമനസ്യം കൂടാതെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു. ചേലോറ പഞ്ചായത്ത് വാര്‍ഡ് കമ്മറ്റി അംഗമായും എടക്കാട് മണ്ഡലം പ്രസിഡണ്ടായും തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, തുടര്‍ച്ചയായി രണ്ട് തവണ ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങളിലും സംസ്ഥാന കമ്മറ്റി അഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ചേലോറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ വിമുഖത കാട്ടാതെ മത്സരിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍, എടക്കാട് നിയോജകമണ്ഡലം, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ആയിരക്കണക്കിന് പൊതുവേദികളില്‍ പ്രസംഗിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍ മലയോര മേഖലകളുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിച്ചിട്ടുണ്ട്.
സംഘര്‍ഷ കാലങ്ങളില്‍ ഈമേഖലകളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ ശശീന്ദ്രന്‍ മാസ്റ്റര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കണ്ണൂരിലെ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ശശീന്ദ്രന്‍ മാസ്റ്റര്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസകാര്യ സമിതി കണ്‍വീനറുമാണ്. ഇതുകൂടാതെ എന്‍എസ്എസ് കരയോഗം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സ്‌കൂള്‍ യുവജനോത്സവ മേളകളില്‍ നിറസാന്നിധ്യമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: