തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യ വിതരണം വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് നാളെ ബെവ്കോ ഔട്ലെറ്റുകള് തുറക്കുക. ബെവ്ക്യൂ മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇതിലൂടെ ഓര്‍ഡര്‍ ചെയ്യാം.
ഒരിക്കല്‍ ബുക്ക് ചെയ്താല്‍ പിന്നെ നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അടുത്ത ബുക്കിങ് സ്വീകരിക്കൂ. രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെ ബുക്കിങ് ചെയ്യാം. രാവിലെ 9 മുതല്‍ 5 വരെ മദ്യവിതരണം നടക്കും. ബുക്ക് ചെയ്ത് അനുമതി ലഭിക്കാത്തവര്‍ ഔട്ലറ്റിന് മുന്നില്‍ വരരുത്. ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തിച്ചു നല്‍കില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ ഔട്ലെറ്റില് നേരിട്ടെത്തി മദ്യം വാങ്ങണം. സംസ്ഥാനത്തെ 612 ബാര്‍ ഹോട്ടലുകളിലായി 576 പേര് മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാന്‍ കഴിയില്ല. പ്രത്യേക കൗണ്ടറില്‍നിന്ന് പാഴ്സല്‍ വാങ്ങാം. 360 ബിയര്‍, വൈന്‍ ഷോപ്പുകളിലായി 291 പേര് വില്‍പ്പന നടത്താന്‍ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വില്ക്കാന് കഴിയില്ല. ക്ലബുകളിലും ഈയാഴ്ച തന്നെ മദ്യവില്‍പ്പന തുടങ്ങും. എന്നാല്‍ അംഗങ്ങള്‍ക്കുമാത്രമേ ക്ലബ്ബുകള്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സാധിക്കൂ.
അതേസമയം കമ്പനിക്ക് 50 പൈസ കൊടുക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു. ഓരോ ടോക്കണും 50 പൈസ ബീവറേജസ് കോര്‍പ്പറേഷനാണു ലഭിക്കുന്നത്. എസ്എംഎസ് ചെലവ് ഫെയര്‍കോഡ് കമ്പനി അടയ്ക്കണം. ചെലവാകുന്ന തുക ബീവറേജസ് കോര്പ്പറേഷന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: