തിരുവനന്തപുരം:: ആരോഗ്യവകുപ്പ് വന്‍ വികസനം കൊട്ടിഘോഷിക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ പ്രതിസന്ധിയില്‍. ലിഫ്റ്റുകളും എക്സ്റേ യൂണിറ്റുകളും പ്രവര്‍ത്തനരഹിതം. ഇതോടെ അടിയന്തര ചികിത്സയ്ക്കെത്തുന്ന രോഗികള്‍ എക്സ്റേ എടുക്കുന്നതിനായി വ്യക്തതയില്ലാതെ നെട്ടോട്ടമോടുന്ന സ്ഥിതിവിശേഷമാണുള്ളത്.
അത്യാഹിത വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലിഫ്റ്റുകളും രണ്ട് എക്സ്റേ യൂണിറ്റുകളുമാണ് നിശ്ചലമായിരിക്കുന്നത്. പഴയ അത്യാഹിത വിഭാഗത്തിലും പുതിയ അത്യാഹിത വിഭാഗത്തിന് സമീപത്തുമാണ് എക്സ്റേ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവ നിശ്ചലമായതോടെ അടിയന്തര ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് എക്സ്റേ എടുക്കണമെങ്കില്‍ ഒപി ബ്ലോക്കിലെ മെഡിസിന് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്റേ യൂണിറ്റിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് വേണ്ട ലിഫ്റ്റുകളും ഇവിടെയില്ല.
ആകെ പ്രവര്‍ത്തിക്കുന്നത് സിടി സ്കാനിന് സമീപത്തെ ഒരു ലിഫ്റ്റ് മാത്രം. ഇത് ഗ്രൗണ്ട് ഫ്ളോറും മൂന്നാമത്തെ നിലയും മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതില്‍ കയറ്റാനും സാധിക്കില്ല. കാരണം ഒപി ബ്ലോക്കിലേക്ക് പോകാന്‍ ഒന്നാമത്തെ നിലയിലെത്തേണ്ട രോഗിയെ ഇതില്‍ കയറ്റിയാല്‍ മൂന്നാമത്തെ നിലയിലെത്തിക്കാനേ കഴിയുകയുള്ളൂ. തുടര്‍ന്ന് രണ്ടും മൂന്നും നിലകള്‍ താഴോട്ട് രോഗിയേയും കൊണ്ട് ഗോവണി താണ്ടേണ്ടിവരും. അതുകൊണ്ട് രോഗിയേയും കൊണ്ട് ട്രോളിയുടെ സഹായമില്ലാതെ ഒന്നാമത്തെ നിലയിലെത്തിച്ച് അവിടെ നിന്ന് ഫ്ളൈഓവര്‍ വഴി സര്‍ജിക്കല്‍ ഒപിക്ക് സമീപത്തെത്തിച്ച് വീണ്ടും താഴോട്ട് ഗോവണിയിറങ്ങി മെഡിക്കല്‍ ഒപിയിലെത്തിച്ചാണ് എക്സ്റേ എടുക്കുന്നത്.
ഇത്തരത്തില്‍ രോഗിയെ എത്തിക്കുന്നതിന് ആശുപത്രി ജീവനക്കാരുടെ സഹായം പോലും ഇല്ല. രോഗിയുടെ കൂടെയുള്ളവര്‍ തന്നെ ഈ ദൗത്യം ചെയ്യേണ്ടിവരുന്നു. ട്രോളിയില്‍ കൊണ്ടുപോകാനുള്ള ഇടനാഴിയുണ്ടെങ്കിലും അത് അടച്ചിട്ട നിലയിലാണ്. വേണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതാണ് അടച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്.
വാര്‍ഡിലേക്കുള്ള പ്രധാന കവാടത്തിന് സമീപത്തെ ലിഫ്റ്റ് നിലച്ചിട്ട് ആഴ്ചകളാകുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതേസമയം പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തേയും സിടി സ്കാനിന് സമീപത്തെയും മറ്റൊരു ലിഫ്റ്റു പ്രവര്ത്തനഹിതമാണെങ്കിലും കാര്‍ഡിയോളജി വിഭാഗം ഉന്നതരുടെ ഇടപെടലില്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് പറയുന്നത്.
എക്കോ റൂം, കാത്ത് റൂം, ഐസിയു, എന്നിവിടങ്ങളിലേക്ക് ഉന്നതര്‍ക്ക് ഈ ലിഫ്റ്റില്‍ പോകേണ്ടതുള്ളതുകൊണ്ട് രോഗികളും അവരുടെ ബന്ധുക്കളും കയറുന്നത് അസഹനീയമെന്ന നിലയിലാണ് അടച്ചിട്ടതെന്നാണ് ആരോപണം. എന്നാല്‍ ഇവരാരും തന്നെ ഈ ലിഫ്റ്റുകള്‍ ഉപയോഗിക്കാറില്ല എന്നും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: