കുണ്ടറ : തൃക്കോവിൽവട്ടം പെരുങ്കുളം വയലിൽ പുതുച്ചിറ ആറിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുങ്കുളം നവദീപ് പബ്ലിക് സ്കൂളിനും ഉപാസന നഴ്സിംഗ് ഹോസ്റ്റലിനും മധ്യേ ഒഴുകുന്ന അറിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളിൽ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത് മരത്തിൽ തീ ചെറുതായി പടർന്നിട്ടുണ്ട്. പൊതുവഴിയല്ലാത്ത വയലിന്റെ മധ്യത്ത് ആൾ താമസമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടത്. സമീപത്തായി കത്തിക്കരിഞ്ഞ മൊബൈൽ ഭാഗങ്ങളും പ്ലാസ്റ്റിക് കവറും കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ ഭാഗം വരെ ആറ്റിൽ നിറഞ്ഞു കിടന്ന കുളവാഴ വൃത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊട്ടിയം പോലീസ് കേസെടുത്തു ഫോറൻസിക് വിദഗ്ധർ മൃതദേഹം കണ്ട സ്ഥലത്ത് പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തുനിന്നോ പരിസരത്തുനിന്നോ ആരെയും കാണാതായിട്ടില്ല. മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
ഡീസൻ്റ്മുക്ക് ഉമയനല്ലൂർ റോഡിൽ നവദീപ് സ്കൂളിന് 100 മീറ്റർ സമീപമാണ് മൃതദേഹം കണ്ട സ്ഥലം. വാഹനം പോവാൻ സൗകര്യമില്ല. വയലിന്റെ മധ്യത്തിൽ ആൾവാസമില്ലാത്തതിനാൽ കൊലപാതകസാധ്യതയും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് ഉറപ്പിച്ച് പറയാവുന്നതരത്തിൽ സൂചനകൾ കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: