കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മധൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 19ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസ്സുള്ള മടിക്കൈ സ്വദേശിയാണ് ഇദ്ദേഹം.
ഗള്‍ഫില്‍ നിന്ന് വന്നത് മുതല്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ക്വാറന്റിനിലായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എം.വി.രാംദാസ് അറിയിച്ചു. മധുര് സ്വദേശികള്‍ മേയ് 22ന് മുംബൈയില്‍ നിന്ന് ബസില്‍ വന്ന് മേയ് 23ന് തലപാടിയിലെത്തിയ യുവ ദമ്പതികളാണ്. (28 വയസ്സുള്ള പുരുഷനും 25 വയസ്സുള്ള സ്ത്രീയും) രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇരുവരേയും 23ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്രവ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തുടരും. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര് രോഗ മുക്തരായി. 51 വയസുള്ള പൈവളികെ സ്വദേശിയും 49 വയസുള്ള കുമ്പള സ്വദേശിയുമാണ് രോഗമുക്തി നേടിയത്.
കാസര്‍കോട് ജില്ലയില്‍ 3205 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2624 പേരും ആശുപത്രികളില്‍ 581 പേരും നിരീക്ഷണത്തിലുണ്ട്. 181 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 32 പേരാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: