കൊല്ലം: ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ട്. വിവാഹ മോചനത്തിലേക്ക് നിങ്ങുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയെന്ന് സുരജിന്റെ മൊഴി. ഈ വര്‍ഷം ആദ്യത്തോടെ ഉത്രയെ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനും വിവാഹ മോചനം നേടാനും അവരുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സൂരജ് പോലീസിനെ അറിയിച്ചു.
സൂരജിന്റെ ഉപദ്രവവും സാമ്പത്തിക ചൂഷണവും സഹിക്കാതെ വയ്യാതായതോടെയാണ് ഉത്രയുടെ ബന്ധുക്കള്‍ വിവാഹ മോചനം നേടാനായി ശ്രമം ആരംഭിച്ചത്. ഇതിനായി ഉത്രയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞ ജനുവരിയില്‍ കുടുംബം അടൂരിലെ ഭര്‍തൃവീട്ടിലെത്തി. എന്നാല്‍ അന്ന് സൂരജ് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു.
വിവാഹമോചനം നേടിയാല്‍ ഉത്രയുടെ കുടുംബം നല്കിയ പണവും സ്വര്‍ണവും തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു. ഇതോടെ ഉത്രയെ കൊലപ്പെടുത്തി കുഞ്ഞിലൂടെ കൂടുതല്‍ പണം സ്വന്തമാക്കാന്‍ സൂരജ് തീരുമാനിക്കുകയായിരുന്നു. അതേസമയം ഉത്രയ്ക്ക് രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം രാത്രി സൂരജ് വീട്ടിലെ എല്ലാവര്ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കിയിരുന്നു. ഉത്രയ്ക്കും മാതാപിതാക്കള്‍ക്കും സഹോദരനും ജ്യൂസ് നല്‍കിയെങ്കിലും സൂരജ് ഇത് കുടിച്ചിരുന്നില്ല. അതിനാല്‍ ഉത്രയ്ക്ക് നല്കിയ ജ്യൂസില്‍ എന്തെങ്കിലും ഉറക്കഗുളികയോ മറ്റോ ചേര്‍ത്തിരിക്കാമെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
പാമ്പ് കടിയേറ്റിട്ടും ഉറക്കമുണരാതിരുന്നത് ഉറക്ക ഗുളിക കഴിച്ചത് കൊണ്ടായിരിക്കുമെന്നും കരുതുന്നു. ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.
അതിനിടെ ഇന്ന് സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം.
മാര്‍ച്ച് രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച് അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് സൂരജിന്റെ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: