കൊച്ചി: കൊറോണ രോഗഭീതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച എസ്എസ്എല്‍സി പരീക്ഷ പുനരാരംഭിച്ചപ്പോള്‍ ആശങ്കകള്‍ക്കിടയിലും മികച്ച രീതിയില്‍ പരീക്ഷ എഴുതിയതിന്റെ ആശ്വാസത്തിലാണ് കുട്ടികള്‍. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 31,688 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 55 ക്ലസ്റ്ററുകളിലായി തിരിച്ച് 320 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 510 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. മൂന്ന് കുട്ടികള്‍ പരീക്ഷയെഴുതിയ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ സംസ്കൃതം ഗവ. ഹൈസ്കൂളിലാണ് ഏറ്റവും കുറവ്.
കൊറോണ പശ്ചാതലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് എസ്എസ്എല്‍സി പരീക്ഷ പുനരാരംഭിച്ചത്. വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് പ്രധാന കവാടത്തിലൂടെയാണ് കുട്ടികള്‍ സ്കൂളിലേക്ക് പ്രവേശിച്ചത്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചതിനുശേഷമാണ് കുട്ടികളെ അകത്തേക്ക് കടത്തിവിട്ടത്. പനി ലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേകം മുറികള്‍ സ്കൂളുകളില്‍ സജ്ജമായിരുന്നു. സാനിറ്റൈസര്‍ നല്കി കൈ ശുചീകരിച്ച ശേഷമാണ് കുട്ടികളെ പരീക്ഷാഹാളിലേക്ക് കടത്തിയത്. കുട്ടികള്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പുവരുത്താന്‍ പ്രത്യേകം അധ്യാപകരെ നിയോഗിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാസ്ക്, അധ്യാപകര്‍ ഉപയോഗിക്കേണ്ട ഗ്ലൗസ്, താപനില പരിശോധിക്കാനുള്ള തെര്‍മോ സ്കാനര്‍ എന്നിവ തിങ്കളാഴ്ച തന്നെ സ്കൂളുകളിലെത്തിച്ചിരുന്നു. ബിആര്‍സി മുഖേന വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി തിങ്കളാഴ്ച മാസ്ക് നല്‍കിയിരുന്നു. പരീക്ഷാ ഹാളുകളും ഫര്‍ണീച്ചറുകളും സ്കൂള്‍ പരിസരവും അണുവിമുക്തമാക്കിയിരുന്നു. രാവിലെ വിഎച്ച്എസ്ഇ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും പരീക്ഷാ ഹാളുകളും ഇരിപ്പിടങ്ങളും മറ്റും അണുവിമുക്തമാക്കി. ഇത് വരും ദിവസങ്ങളിലും തുടരും.
പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ പ്രധാന അധ്യാപകരുടെ നേതൃത്വത്തില്‍ അതാത് സ്കൂളില്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ സാഹചര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പേ സ്കൂളുകളില്‍ എത്തിച്ചേരാനും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നു.
പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തിയും സ്കൂള്‍ വാഹനത്തിലും പിടിഎയും മറ്റ് സന്നദ്ധ സംഘടനകളും ഏര്‍പ്പെടുത്തിയ വാഹന സൗകര്യം ഉപയോഗിച്ചും മാതാപിതാക്കളുടെ വാഹനത്തിലും വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: