പഴയങ്ങാടി: കണ്ണപുരത്ത് യുവമോര്‍ച്ച ജില്ലാ ട്രഷററുടേയും ബിജെപി പ്രവര്‍ത്തകന്റെയും വീടുകള്‍ക്ക് നേരെ ബോംബേറ്. പഴയങ്ങാടി മോറാഴാ പാളയത്ത് വളപ്പില്‍ താമസിക്കുന്ന യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ വി. നന്ദകുമാര്‍, ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ കണ്ണപുരത്തേ പൂക്കോട്ടി രതിഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ സിപിഎം സംഘം ബോംബേറ് നടത്തിയത്.
രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയുടെ ഭാഗവും ജനലുകളും തകര്‍ന്നു. ബൈക്കുകളില്‍ എത്തിയ സിപിഎമ്മുകാരായ അഞ്ചംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് നന്ദകുമാര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കാനുളള സിപിഎം നടപടിക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബോംബേറിന് പിന്നാലെ സിപിഎം ശക്തികേന്ദ്രത്തില്‍ താമസിക്കുന്ന നന്ദകുമാറിനെതിരെ പരസ്യമായ വെല്ലുവിളിയുമായി സിപിഎം നേതൃത്വം രംഗത്തെത്തുകയും ചെയ്തു. വീട് ഒഴിഞ്ഞു പോകണമെന്ന ഭീഷണിയുമായാണ് സിപിഎം നേതൃത്വം രംഗത്തെത്തിയത്. അക്രമത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇതര രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതിന് തെളിവാണ് ഇന്നലെ നടന്ന അക്രമമെന്നും ബിജെപി കല്യശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു.
ബോംബേറിന് ഇരയാക്കപ്പെട്ട വീട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പള്ളിക്കര പ്രസാദ് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: