ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ ശ്രമിക് സ്പെഷ്യല്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നോര്‍ക്ക മുന്‍കൂര്‍ പണം വാങ്ങിയത് ക്രമവിരുദ്ധമെന്ന് ആരോപണം.
ഏതു സംസ്ഥാനത്തു നിന്നാണോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ആ സംസ്ഥാനമാണ് റെയില്‍വേക്ക് പണം നല്‍കേണ്ടത്. കര്‍ണാടകത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രമിക് സ്പെഷ്യല്‍ ട്രെയിനിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ അടയ്ക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.
അതിനാല്‍, കര്‍ണാടകത്തില്‍ നിന്ന് ട്രെയിനില്‍ മടങ്ങുന്ന ആരില്‍ നിന്നും പണം വാങ്ങുന്നില്ല. ശനിയാഴ്ച ദക്ഷിണ പശ്ചിമ റെയില്‍വെ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12 ശ്രമിക് ട്രെയിനുകളുടെ പട്ടികയില്‍ ബെംഗളൂരു-തിരുവനന്തപുരം ട്രെയിനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലേക്കു വന്ന ട്രെയിനിന്റെ പണവും കര്‍ണാടക സര്‍ക്കാരാണ് അടയ്ക്കേണ്ടത്. എന്നാല്‍, യാത്രക്കാരില്‍ നിന്ന് കേരളം പണം വാങ്ങിയ സാഹചര്യത്തില്‍ കര്‍ണാടകം പണം അടയ്ക്കാന്‍ സാധ്യത കുറവാണ്. കേരളം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമേ ട്രെയിനിന്റെ ചെലവ് കര്‍ണാടക വഹിക്കൂയെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, തൊഴിലാളികള്‍ അല്ലാത്തതിനാലാണ് ടിക്കറ്റ് നിരക്ക് വാങ്ങിയതെന്നാണ് നോര്‍ക്കയുടെ വിശദീകരണം. കര്‍ണാടകത്തില്‍ നിന്ന് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാ ചെലവാണ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുന്നത്, കേരളത്തിലേക്കു മടങ്ങിയവരില്‍ ഭൂരിഭാഗവും തൊഴിലാളികളല്ലാത്തതിനാല്‍ കര്‍ണാടക ട്രെയിന്‍ ചെലവു വഹിക്കാന്‍ സാധ്യത കുറവാണെന്നും അതിനാലാണ് മുന്‍കൂര്‍ പണം വാങ്ങിയതെന്നും നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് പറഞ്ഞു.
നിലവില്‍ ബെംഗളൂരു-തിരുവനന്തപുരം സ്ലീപ്പര്‍ ക്ലാസില്‍ 425 രൂപ മാത്രമുള്ളപ്പോള്‍ യാത്രക്കാരില്‍ നിന്ന് 1000 രൂപ വീതമാണ് നോര്‍ക്ക മുന്‍കൂര്‍ വാങ്ങിയത്. എസി സ്ലീപ്പര്‍ കോച്ചിന്റെ ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. ഇതു വിവാദമായതോടെ ബാക്കി പണം തിരികെ നല്‍കും. പണം തിരികെ ലഭിക്കാനുള്ള ക്ലയിം ഫോം ജൂണ്‍ ഒന്നിനു ശേഷം വെബ്സൈറ്റില്‍ ലഭ്യമാകുമെന്നും നോര്‍ക്ക വ്യക്തമാക്കി.
മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് പണം മുന്‍കൂര്‍ വാങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ ട്രെയിനില്‍ കയറാന്‍ എത്തുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് വാങ്ങുകയാണ് ചെയ്യുന്നത്. കേരളത്തിലേക്കു മടങ്ങിയ യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യവും ചെയ്തു നല്‍കിയത് ബെംഗളൂരു കോര്‍പ്പറേഷനായിരുന്നു. ആരോഗ്യ പരിശോധനയ്ക്കായി ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്കി. യാത്രക്കാരെ പാലസ് ഗ്രൗണ്ടില്‍ നിന്ന് ബിഎംടിസി ബസ്സില്‍ കന്റോണ്‍മെന്റ് റെയില്‍വെ സ്റ്റേഷനിലെത്തിച്ചു.
കേരള സര്‍ക്കാരിനോ, നോര്‍ക്കയ്ക്കോ ഒരു സാമ്പത്തിക ചെലവുമില്ലാതിരുന്ന സാഹചര്യത്തിലാണ് 1000 രൂപ വീതം യാത്രക്കാരില്‍ നിന്ന് വാങ്ങിയത്. ലോക്ഡൗണില്‍ കുടുങ്ങിയ ബെംഗളൂരു മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകിപ്പിച്ച കേരള സര്‍ക്കാര്‍ ട്രെയിന്‍ യാത്രയുടെ പേരില്‍ കൊള്ള നടത്തിയെന്നാണ് ആരോപണം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: