ന്യൂദല്‍ഹി: കൊറോണയില്‍ രാജ്യത്ത് ജീവന് പൊലിഞ്ഞവരുടെ എണ്ണം 4021 കടന്നു. ആകെ രോഗികളുടെ എണ്ണം 1.4 ലക്ഷത്തിലേക്കടുക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുണ്ട്. മരണ നിരക്കില്‍ എട്ട് ശതമാനം വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യയും രോഗികളുടെ എണ്ണവും ഇരട്ടിയായി. വൈറസ് വ്യാപനം തുടര്‍ന്നാല്‍ ബുധനാഴ്ചയോടെ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടക്കുമെന്നും റിപ്പോര്‍ട്ട്. ഏഴ് ദിവസത്തിനിടെ മരണ നിരക്ക് ഏറ്റവും ഉയര്‍ന്നത് ദല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്.
കൊറോണ സ്ഥിരീകരിക്കുന്നവരില്‍ 7.4 ശതമാനവും മരണത്തിന് കീഴടങ്ങുന്ന ബംഗാളിലാണ് രാജ്യത്ത് ഏറ്റവുമുയര്‍ന്ന മരണാനുപാതം.രാജ്യത്തെ ആകെ മരണത്തിന്റെ 41 ശതമാനവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 1635 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടപ്പെട്ടു. ആകെ 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 33,996 രോഗികള്‍ ചികിത്സയിലുണ്ട്. 14,600 പേര് രോഗമുക്തരായി. 1809 പോലീസുകാര്‍ക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുകയും 18 പോലീസുകാര്‍ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം ശക്തമായ ധാരാവി പോ
ലുള്ള ഇടങ്ങളിലെ വിശ്രമമില്ലാത്ത ജോലിയാണ് പോലീസുകാരുടെ രോഗവ്യാപനം ഇത്രത്തോളം ഉയര്‍ത്തിയതെന്നാണ് വിവരം. വൈറസ് വ്യാപനവും മരണനിരക്കും ശക്തമായ രണ്ടാമത്തെ സംസ്ഥാനമായ തമിഴ്നാട്ടില്‍ 7842 പേര് ചികിത്സയിലുണ്ട്. 16,277 പേര്‍ക്ക് ആകെ രോഗം ബാധിച്ചപ്പോള്‍ 8324 പേര് രോഗമുക്തരായി. 111 പേര് സംസ്ഥാനത്ത് മരിച്ചു.
തമിഴ്നാടിന് തൊട്ടുപിന്നിലുള്ള ഗുജറാത്തില്‍ ആകെ 14056 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 6785 പേര് ചികിത്സയിലുണ്ട്. 6412 പേര് രോഗമുക്തരായി. 858 മരണം റിപ്പോര്‍ട്ട് ചെയ്്തു. ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 6.1 ശതമാനവും മരണത്തിന് കീഴടങ്ങി.
ലോക്ഡൗണിന് ഇളവുകള്‍ നല്‍കിയെങ്കിലും ദല്‍ഹി നിയന്ത്രണത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. മരണ സംഖ്യ ക്രമാതീതമായി ഉയരുകയോ ആരോഗ്യ സംവിധാനങ്ങള്‍ തകരുകയോ ചെയ്താല്‍ മാത്രമേ ദല്‍ഹി പ്രതിസന്ധിയിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 13,418 കടന്നു. 6617 പേര് ഇപ്പോഴും ചികിത്സയില്‍. 6540 പേര് രോഗമുക്തരായി. 261 പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: