വടകര: ജില്ലയില്‍ കോവിഡ് സ്ഥിരികരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന് ലംഘിച്ച് യാത്ര ചെയ്ത ഒഞ്ചിയം ചോമ്പാല്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ ആശങ്കയില്‍. തലശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തിലിരിക്കെ ഈ രണ്ട് പ്രവര്‍ത്തകര്‍ അവരുടെ വീടുകളും കടകളും സന്ദര്‍ശിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് ചോമ്പാല്‍ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
തലശ്ശേരിയില്‍ ക്വറന്റൈനില്‍ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ ശനിയാഴ്ച ഒഞ്ചിയം പഞ്ചായത്തിലെ മടപ്പളളിയിലും അഴിയൂര്‍ പഞ്ചായത്തിലെ ചോമ്പാലിലുമാണ് എത്തിയത്. ഇവര്‍ ബേക്കറി, പച്ചക്കറി കട, ഇറച്ചികട എന്നിവിടങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ച് വരുമ്പോഴാണ് അവരുടെ പരിശോധനാഫലം കോവിഡ് പോസറ്റീവ് ആണെന്നറിയുന്നത്. ഉടനെ ഇരുവരും തലശ്ശേരിക്ക് തിരിക്കുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച വിവരം നാട്ടിലറിഞ്ഞതോടെ നാട്ടുകാര്‍ ആശങ്കയിലായി. അധികൃതര്‍ക്ക് ഇവരുടെ വരവ് അറിഞ്ഞില്ലന്നത് കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചു. തുടരന്വേഷണത്തില്‍ ഇവര്‍ വീടുകളിലും കടകളിലും എത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ ഈ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി. ഇന്നലെയാണ് ഒഞ്ചിയം പതിനാലാം വാര്‍ഡും അഴിയൂര്‍ പതിമൂന്നാം വാര്‍ഡും അടക്കുന്നത്. ചോമ്പാലില്‍ അണുനശീകരണം നടത്തിയതുമില്ല.
ഒഞ്ചിയം പഞ്ചായത്തില്‍ പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ ആറ് കച്ചവടക്കാര്‍, സിസിടിവിയില്‍ തിരിച്ചറിഞ്ഞ അഞ്ച് പേരടക്കം പന്ത്രണ്ട് പേര് എന്നിവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഉത്തരവായി. അഴിയൂരില്‍ നാല് വീട്ടുകാര്‍ ഉള്‍പെടെ ആറ് പേര് നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാന്‍ നടപടികള്‍ ഏറെ വൈകിയാണ് നടത്തിയതെന്ന പരാതി വ്യാപകമാണ്. കോവിഡ് രോഗ പാശ്ചാത്തലത്തില്‍ ചോമ്പാല മത്സ്യബന്ധന തുറമുഖം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി ഹാര്‍ബര്‍ എഞ്ചിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: