മുന്നെപ്പോലെ
അടിച്ചു വെടിപ്പാക്കിയ
മുറ്റത്തിന്
കിഴക്കേ കോണില്‍
രാവിലെയും തോരാതെ
പെയ്ത രാത്രിമഴയേറ്റ്
പാരിജാതത്തിന്റെ കുഞ്ഞു പൂവുകളൊക്കെയും
സാഷ്ടാംഗം
പ്രണമിച്ചുകിടന്നിരുന്നു!
ഏറെ നാള്‍ക്കു ശേഷം
ഒരു മൂളിപ്പാട്ടോടെ
അരിവാര്‍ത്ത
ഗന്ധത്തോടൊപ്പം
മാമ്പഴപുളിശ്ശേരിയും
ചക്ക എരിശ്ശേരിയും
അടുക്കളയില്‍
കാത്തിരുന്നിരുന്നു!
വലതുകാല്‍ വച്ച്
ആദ്യമായി
ദീപം കൊളുത്തിയ
ദിവസത്തെപ്പോലെ തന്നെ
പൂജാ പാത്രങ്ങളുടെ
തിളക്കത്തില്‍
ഓടക്കുഴലൂതുന്ന
കൃഷ്ണനും രാധയും
തെളിമയാര്‍ന്ന
വിളക്കിന്റെ നാളത്തില്‍
നാണിച്ചു നിന്നിരുന്നു!
എന്നത്തെയുംപോലെ
മുഴങ്ങുന്ന
ചതുഃശ്ലോകത്തിന്റെയും
ഏകശ്ലോകത്തിന്റെയും
എളുപ്പവഴികള്ക്കും പകരം ഭാഗവതവും
ഗീതയും സഹസ്രനാമവുമെല്ലാം
ഒഴുകിപ്പരന്നിരുന്നു!
ഏറെ നാളുകള്‍ക്കു ശേഷം കടയുന്ന
തൈര്ക്കലത്തിലുറയുന്ന
വെണ്ണയ്ക്കായി ഓടിയെത്തുന്ന
ഉണ്ണിക്കണ്ണനുരുട്ടുന്ന
വെണ്ണയില്‍ കൂറുരമ്മയെപ്പോലൊരു
പെണ്‍കിനാവ്
മനമാണ്ടിറങ്ങിയിരുന്നു!
എന്നത്തെയും പോലെ
സമയമില്ലാഞ്ഞു കഴിക്കാന്‍ നില്‍ക്കാതെ
ഓടിയിറങ്ങുന്നവള്ക്കു
പകരം വനവാസക്കാലത്തെ ദ്രൗപദിയുടെ
അക്ഷയപാത്രം
കിട്ടിയവളുടെ
നിറവുണ്ടായിരുന്നു!
നാളെയുടെ തിരക്കുകളി
ലേക്കൂളിയിടാന് വെമ്പുന്ന രാവിന്റെ യാമങ്ങളിലെ
നിദ്രയുടെ ഇടവേള
കള്‍ക്കു പകരം
ശാന്തിപര്വ്വങ്ങളുടെ
നിദ്രാസൗഖ്യങ്ങ
ളുണ്ടായിരുന്നു!
ഭാവിയുടെ സങ്കീര്‍ണ്ണ സമസ്യകളെ
ഓര്‍മ്മിപ്പിച്ചു മിന്നുന്ന
മാറാലകളെ തട്ടിമാറ്റിക്കൊണ്ട്
ധവളിമയാര്‍ന്ന
നൈര്മല്യത്തില്
ചുമരുകളവളോടുകിന്നരിച്ചിരുന്നു!
ഒരു പാട് നാളുകള്‍ക്കു
ശേഷം കൂമന്റെ
മൂളലും രാപ്പാടിയുടെ
പാട്ടും വീണ്ടും വീണ്ടുംകേട്ടുകൊണ്ടവള്
അയാളോട് കുടമുല്ല
കളേക്കാള്‍ സുഗന്ധം
പാരിജാതത്തിനെന്ന് തര്‍ക്കിച്ചിരുന്നു!
കുട്ടിക്കാലത്തിലും
യൗവനാരംഭത്തിലും
മാത്രം ശ്വസിച്ച
വേനലിലെ
പുതുമഴഗന്ധം
നാസാരന്ധ്രങ്ങളിലേക്ക്
ആവാഹിച്ച്മഴയുടെ താള
പ്പകര്ച്ചകളിലേക്ക്
ആഴ്ന്നാഴ്ന്നിറങ്ങിയിരുന്നു!
സ്വാഭാവിക യമനിയമാദികള്ക്കും
ആസനജയങ്ങള്ക്കുമപ്പുറം
പ്രാണന്റെ ഗതിവിഗതികള്‍ ആസ്വദിച്ച്
ആമയെപ്പോലെ ഉള്‍വലിഞ്ഞ് ധ്യാനസ്ഥലികളുടെ
മറുകരയിലെ സമാധി മണ്ഡപമേറിയിരുന്നു!
പാഴിരുള്ക്കെട്ടുകള്ക്കു
പകരം അവളുടെ ഓരോ പാദസ്പര്ശത്തിനുമായി
പൂത്തു വിടര്‍ന്നു
സൗരഭ്യം പരത്താനായി ധവളിമയാര്‍ന്ന
വീടിങ്ങനെ കാത്തു
കാത്തു കിടന്നിരുന്നു!
മുന്നെപ്പോലെ വീടിങ്ങനെ
അവളുടെ കളി ചിരികളില്‍ കുളിര്‍ന്ന്
തളിര്‍ത്ത് കരലാളന ങ്ങളില്‍ മതിമറന്ന്
പൂത്തു വിടര്‍ന്നിരുന്നു!
പൂത്തു വിടര്‍ന്ന്
സൗരഭ്യം പടര്‍ത്തിയിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: