ഗൂഗിള്‍ കാലത്ത് വിവരങ്ങള്‍ ധാരാളം ലഭ്യമാണെങ്കിലും അറിവുകള്‍ അങ്ങനെയല്ല. വിവരങ്ങളെ അറിവുകളായി തെറ്റിദ്ധരിക്കാറുണ്ട്. ഇവിടെയാണ് ‘ചിന്തയിലെ ആധുനിക വിപ്ലവങ്ങള്‍’ എന്ന പി.കേശവന് നായരുടെ പുസ്തകം വായനാ ലോകത്ത് വഴിത്തിരിവാകുന്നത്.
ക്ലാസിക്കല്‍ ഭൗതികത്തില്നിന്ന് കണികാഭൗതികത്തിലേക്കും, അവിടെനിന്ന് മുന്നോട്ടും സഞ്ചരിക്കുന്ന ശാസ്ത്രത്തിന്റെ ചരിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുകയും, ഓരോ ഘട്ടത്തിലും അറിവുകളുടെ വിശിഷ്ട മാറ്റങ്ങള്‍ എങ്ങനെയാണ് സംഭവിച്ചതെന്നും, അവ എന്തൊക്കെയെന്നും രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന് ചെയ്യുന്നത്.
ശാസ്ത്രത്തിന്റെ വികാസം നാം പലപ്പോഴും കരുതുന്നതുപോലെ അത്ര സുഗമമായിരുന്നില്ലെന്ന് ഈ പുസ്തകം വായനക്കാരെ ഓര്‍മപ്പെടുത്തുന്നു. ശാസ്ത്ര സത്യങ്ങളെ അംഗീകരിക്കാന്‍ മതം മാത്രമല്ല, ശാസ്ത്രം പോലും പല ഘട്ടങ്ങളിലും തയ്യാറായിരുന്നില്ല എന്ന അപ്രിയ സത്യം ഗ്രന്ഥകാരന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് ഭൂകേന്ദ്ര സിദ്ധാന്തം (സൂര്യന് ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നത്) അവതരിപ്പിച്ച ടോളമിയില്നിന്ന് സൗരക്ഷേത്ര സിദ്ധാന്തം (സൂര്യനെ ഭൂമിയാണ് ചുറ്റുന്നത്) ആവിഷ്കരിച്ച കോപ്പര്‍ നിക്കസിലേക്ക് എത്തിച്ചേരാന്‍ തടസ്സങ്ങളേറെയായിരുന്നു. ഇതുപോലെ തന്നെയാണ് ഐസക് ന്യൂ
ട്ടനില്നിന്ന് ഐന്സ്റ്റീനിലേക്കുള്ള ദൂരവും ശാസ്ത്രം താണ്ടിയത്. അതേസമയം, അണുവിന്റെ ലോകത്ത് കണികാ ഭൗതികം നടത്തിയ വിപ്ലവം അംഗീകരിക്കാന്‍ ഐന്സ്റ്റീന് തയ്യാറായില്ല. ക്വാണ്ടം ഭൗതികത്തിലെ അനിശ്ചിതത്വ സിദ്ധാന്തത്തോടും ഐന്സ്റ്റീന് വിയോജിച്ചു. ‘ദൈവം പകിടകളിക്കില്ല’ എന്ന ഐന്‍സ്റ്റീന്റെ പ്രഖ്യാപനം പ്രസിദ്ധമാണല്ലോ. ഓരോ പ്രശ്നത്തിനും പകിടയെറിഞ്ഞ് ഉത്തരം നിര്ദ്ദേശിക്കേണ്ടിവരുന്ന നിയമങ്ങള്കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വാദം തനിക്ക് സ്വീകാര്യമല്ലെന്ന് ഐന്സ്റ്റീന് പറഞ്ഞു.
ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രപഞ്ചത്തിന്റെ ആത്യന്തിക ഘടകം എന്തെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആത്യന്തികമായത് ബോധമോ ദ്രവ്യമോ എന്ന അടിസ്ഥാന പ്രശ്നം ഉന്നയിച്ച് ഈ പുസ്തകം തൃപ്തികരമായ മറുപടി നല്കുന്നു.
”ഭൗതിക യാഥാര്‍ത്ഥ്യത്തെ നമ്മള് അറിയുന്നില്ല. അറിയുന്നതെല്ലാം വ്യക്തി നിഷ്ഠ യാഥാര്‍ത്ഥ്യമാണ്” എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഗ്രന്ഥകാരന്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അവസ്ഥയിലുള്ള നമ്മുടെ പ്രപഞ്ചാനുഭവം എപ്രകാരമാണെന്നും, ബോധമാണ് ആത്യന്തികമായ ഉണ്മയെന്നും, അത് ബ്രഹ്മം തന്നെയാണെന്നും കണികാ ഭൗതികത്തിന്റെ നവീനമായ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി സമര്‍ത്ഥിക്കുന്നു. ഇത് തിരിച്ചറിയാതെ പോകുന്നതിനുള്ള പരിമിതികള്‍ എന്തൊക്കെയാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു. ‘ദ്രവ്യം ദ്രവ്യത്താല്‍ നിര്‍മിതമല്ല’ എന്ന കണികാ ഭൗതികജ്ഞന്മാരുടെ കണ്ടെത്തലും, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന ശ്രീശങ്കരന്റെ മായാസങ്കല്പവും ഒന്നാണെന്ന് ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് ബോധ്യമാവുന്നു.
”യൂറോപ്പില്‍ അരങ്ങേറിയ വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തില്‍ ദൂരദര്‍ശിനി കണ്ടുപിടിച്ചു. അതോടെ ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധ ആകാശത്തിലേക്ക് തിരിഞ്ഞു. ആകാശഗോളങ്ങളെപ്പറ്റിയുള്ള പഠനം മുന്നേറി. ഇതിന്റെ ഫലമായി ദ്രവ്യത്തിന്റെ അഗാധതലങ്ങളിലേക്കുള്ള പഠനം വേണ്ടത്ര പുരോഗമിച്ചില്ല” എന്ന മൗലികമായ ഒരു നിരീക്ഷണം ഗ്രന്ഥകാരന് നടത്തുന്നുണ്ട്. ഈ പരിമിതിയാണ് കണികാ ഭൗതികത്തിലെ ശാസ്ത്രജ്ഞന്മാര് മറികടന്നത്. ഇവര്‍ ചെന്നെത്തിയതാവട്ടെ ഭാരതത്തിലെ പൗ
രാണിക ഋഷിമാര്‍ അറിഞ്ഞതും സാക്ഷാത്കരിച്ചതുമായ ദര്‍ശനത്തിലാണെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു. ”ശരീരം, മനസ്സ്, ബോധം എന്നിവയുടെ പാരസ്പര്യം സംബന്ധിച്ച് ആഴവും പരപ്പുമുള്ള പഠനം ഭാരതത്തിലല്ലാതെ മറ്റെങ്ങും നടന്നിട്ടില്ലെന്നാണ് പഠനാനുഭവങ്ങളും വായനാനുഭവങ്ങളും എന്നെ ബോധ്യപ്പെടുത്തിയത്” എന്നാണ് ഗ്രന്ഥകാരന് പ്രസ്താവിക്കുന്നത്.
”കഴിഞ്ഞ കാലത്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആത്മീയജ്ഞാനത്തെയാകെ ക്രോഡീകരിച്ച് നവീകരിച്ച് പുനര്‍വ്യാപനം ചെയ്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ഭാഷയില്‍ പ്രകാശിപ്പിക്കേണ്ടതായിട്ടുണ്ട്” എന്ന സുചിന്തിമായ അഭിപ്രായമാണ് ഗ്രന്ഥകാരനുള്ളത്. എഴുത്തുകാരന് എന്ന നിലയില്‍ പി. കേശവന് നായരുടെ മൗലിക സംഭാവന തന്നെ ഇതാണ്. പ്രപഞ്ചം, പ്രപഞ്ച നൃത്തം, വിപരീതങ്ങള്‍ക്കപ്പുറം, ഭൗതികത്തിനപ്പുറം, ബോധത്തിനപ്പുറം, മനുഷ്യ മനസ്സും ക്വാണ്ടം ഭൗതികവും, ആസ്തികനായ ദൈവം എന്നിങ്ങനെയുള്ള പുസ്തക പ്രപഞ്ചം ഇത് വ്യക്തമാക്കുന്നു. ഗഹനമായ വായനയും പഠനവും ഗവേഷണവും ആവശ്യമായ ഈ ജ്ഞാനസപര്യ വര്‍ഷങ്ങളായി തുടരുന്നതിന്റെ ഫലമാണ് ‘ചിന്തയിലെ ആധുനിക വിപ്ലവങ്ങള്‍’ എന്ന ഗ്രന്ഥവും. അലസമായ വായനയും വിവരശേഖരണവുമല്ല, ചിന്തയിലെ ഒരു പൊളിച്ചെഴുത്താണ് ഈ പുസ്തകം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: