കോട്ടയം: കൊറോണ വൈറസ് സ്ഥിരീകരിച്ച കാവാലം സ്വദേശിനിയായ യുവതിയെ താമസിപ്പിച്ചിരുന്നത് ജനസാന്ദ്രതയുള്ള മേഖലയിലെ വീട്ടില്‍. യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മേനോനെതിരെ അമര്‍ഷം പുകയുന്നു. പുനെയില്‍ നിന്ന് എത്തിയ യുവതിയെ സര്‍ക്കാര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിന് പകരം ഇവരുടെ വീട്ടിലേക്ക് അയക്കുകയാണ് ഉണ്ടായത്.
ഇവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ വേണ്ട നിര്‍ദേശം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രസിഡന്റിന്റെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പോലും മറികടന്നായിരുന്നു. യുവതിയെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോരാന്‍ നിര്‍ദേശം നല്‍കിയത്. രോഗം സ്ഥിരീകരിച്ച ദിവസം കാവാലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ പ്രസ്ഥാവനയും പഞ്ചായത്തിന്റെ അലംഭാവം വെളിപ്പെടുത്തുന്നതായിരുന്നു. കൊറോണ വൈറസിനെതിരെ രാജ്യം ഒന്നിച്ച് പോരാടുമ്പോഴാണ് ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അലംഭാവത്തില്‍ ഒരു ഗ്രാമം മുള്‍മുനയില്‍ നില്‍ക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കാതെ, ജനവാസം ഏറെയുള്ള പ്രദേശത്തെ വീട്ടില്‍ കൊറോണ ബാധിതയായ യുവതിയെ എത്തിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാവാലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാവാലത്ത് പ്രത്യേക ആരോഗ്യ സംഘത്തെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: