കാസര്‍കോട്: അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ഇന്നലെ അഞ്ജനയുടെ വീട് സന്ദര്‍ശിച്ച ശേഷം ആവശ്യപ്പെട്ടു. പല തവണ ദുരൂഹത സാഹചര്യത്തില്‍ അഞ്ജനയെ കാണാതാവുകയും തിരിച്ചെത്തുകയും ഉണ്ടായിട്ടുണ്ട്. ഏറെ ദുരൂഹതയാണ് ഈ മരണവുമായി ബന്ധപെട്ടു പുറത്തുവരുന്നത്.
മാര്‍ച്ച് 14ന് ശേഷം വീട്ടുകാരുമായി ബന്ധമില്ലാത്ത അഞ്ജന മെയ് 13ന് വീട്ടുകാരുമായി ബന്ധപ്പെടുകയും തിരിച്ചു വന്ന് വീട്ടുകാര്‍ക്കൊപ്പം കഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രശ്നങ്ങള്‍ പൊറുക്കണമെന്നും വീട്ടുകാരുടെ ആഗ്രഹമനുസരിച്ചു ജീവിക്കണമെന്നും അഞ്ജന അമ്മയെ വിളിച്ചു പറഞ്ഞതായി വീട്ടുകാര്‍ വ്യക്തമാക്കി. ബന്ധുക്കളുമായി ഏറെക്കാലമായി അടുപ്പമില്ലാത്ത അഞ്ജന വീണ്ടും വീട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹമറിയിച്ച അടുത്ത ദിവസമാണ് മരണപ്പെട്ടത്. ഇത് മരണത്തില്‍ സംശയങ്ങളുണ്ടാക്കുന്നു.
അഞ്ജനയുടെ യാത്രകളിലെയും ചുറ്റുമുള്ള കൂട്ടുകാരുടെ പ്രവര്‍ത്തങ്ങളിലെ അസ്വാഭാവികതയും, മറ്റു തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും സ്റ്റുഡന്‍ഡ് എന്‍പയോര്‍മെന്റ് ഫെഡറേഷന്, ക്വയര്‍ കമ്മ്യൂണിറ്റി, സഹയാത്രിക തുടങ്ങിയ സംഘടനകളുമായുമുള്ള ബന്ധങ്ങളും ശക്തമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. ഗാര്‍ഗിയാണ് കോടതിയില്‍ നിന്നും അഞ്ജനയുടെ സംരക്ഷണമെറ്റെടുത്തത്.
അഞ്ജനയുടെ മരണത്തില്‍ ഗാര്‍ഗിയുടെയും, കൂടെ താമസിച്ച ശബരി, ആതിരദാസ്, നസീമ നശ്രി തുടങ്ങിയ കൂട്ടുകാരികളെകുറിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്ന് പ്രഫുല്‍ ആവശ്യപെട്ടു. അഞ്ജനയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും മരണത്തില്‍ ദുരൂഹത നീക്കാനായി തുടര്‍ന്നുള്ള നിയമ നടപടികളില്‍ എല്ലാ പിന്തുണയും കുടുംബത്തിന് യുവമോര്‍ച്ച വാഗ്ദാനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍, ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അരൂണ്‍ കൈതപ്രം, കാസര്‍കോട് ജില്ലാ നേതാക്കളായ ശ്രീജിത്ത് പറക്കളായി, അഞ്ജു ജോസ് ടി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: