കൊച്ചി: കേന്ദ്രം പ്രവാസികളെ കൊണ്ടുവരൂ, രണ്ടര ലക്ഷത്തെ താങ്ങാന്‍ ഞങ്ങള്‍ തയാര്‍ എന്നു പറഞ്ഞ കേരളത്തിലെ യഥാര്‍ഥ അവസ്ഥ അനൂപ് മാത്യു പറയുന്നത് ഇങ്ങനെയൊക്കെയാണ്. പല കാര്യത്തിലും അന്താരാഷ്ട്ര തലത്തില്‍ ചിലര്‍ പ്രചരിപ്പിച്ചതില്‍ പലതും പൊള്ളത്തരമെന്നാണ് അനുദിനം വ്യക്തമാകുന്നത്.
അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ് വിമാനം കയറിയത്. വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങി, അവിടെ മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു നല്കി. അപ്പോള്‍ ടാക്സി എന്നെഴുതിയ പേപ്പര്‍ മടക്കി നല്കി; മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി എന്നും. അന്വേഷിച്ചപ്പോള്‍, ഇവിടെ നില്‍ക്കണ്ട താഴേക്ക് പോകൂ എന്നായി. ദേഷ്യപ്പെടുകയും ചെയ്തു. താഴെ ചെന്നപ്പോള്‍ അവിടെയും കൃത്യമായ മറുപടി ഇല്ല, ഹെല്‍പ്പ് ഡസ്കിലേക്കയച്ചു. അവിടെ കൗണ്ടറിനു മുന്നില്‍ ഒരു യുവതി കരഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. എന്നോട് അടുത്തുചെല്ലേണ്ട, അവിടെ നിന്ന് സംസാരിച്ചാല്‍ മതിയെന്നും ടാക്സി എന്ന് എഴുതിത്തന്നാല്‍ ടാക്സിയില്‍ പോകണം, അല്ലാതെ ഒന്നും പറയാനില്ലെന്നും മറുപടി നല്കി. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ പലരും ഇക്കാര്യത്തില്‍ സംശയം പറഞ്ഞു. പിന്നെയും ഹെല്പ് ഡസ്കില്‍ ചെന്നപ്പോള്‍ അവര്‍ അടുപ്പിച്ചില്ല. അപമാനിച്ചു സംസാരിച്ചു.
ടാക്സിയില്‍ പോകാന്‍ കൈയില്‍ പണമില്ല. ചെല്ലുന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല, ക്വാറന്റൈന് കഴിഞ്ഞ് പറഞ്ഞാല്‍ മതിയല്ലോ എന്നു കരുതി. കാറിന് 1000 രൂപ കൊടുക്കണമായിരുന്നു. കാര്‍ഡു വഴി പണം നല്കി. വണ്ടിയിലിരിക്കുമ്പോള്‍, മൊബൈല്‍ ബാറ്ററി തീരാറായതിനല് സുഹൃത്തിനോട് സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞു, സഹായം തേടി. അമ്മയോട് സംസാരിച്ചു, കടവന്ത്ര പോലീസിലും അറിയിച്ചു. അങ്ങനെ വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് അവരും അറിയിച്ചു. വീട്ടിലെത്തി. അമ്മ വാതില്‍ തുറന്ന് ഞാന്‍ മുറിക്കുള്ളില്‍ കടന്നപ്പോള്‍ പുറത്തുനിന്ന് പൂട്ടി. അമ്മയ്ക്കോ വീട്ടിലാര്‍ക്കെങ്കിലുമോ എന്താണ് ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍നിന്നു കിട്ടിയ ഒരു പൊതിഭക്ഷണമുണ്ടായിരുന്നത് കഴിച്ചു. കിടന്നു.
പിറ്റേന്ന് ഒരു പൊതുപ്രവര്‍ത്തകനെ വിളിച്ചു കാര്യം പറഞ്ഞു. കൗണ്‍സിലര്‍ ഫോണ്‍ എടുത്തില്ല. അമ്മ പോലീസില്‍ അറിയിച്ചു. മുറിയില്‍ പൂട്ടണ്ട, ഗേറ്റിനു പുറത്ത് പോകാതിരുന്നാല്‍ മതിയെന്നറിയിച്ചു. ഉച്ചവരെ ആരും ഭക്ഷണവുമായി വന്നില്ല. ഒടുവില്‍ അമ്മ പുറത്തുകൊണ്ടുവെച്ച ആഹാരം കഴിച്ചു.
അതിനിടെ വിമാനത്തില്‍നിന്നിറങ്ങിയ എന്നെ കാണാനില്ലെന്ന് വാര്‍ത്ത പരന്നു. ഉച്ചയോടെ കമ്മീഷണര്‍ ഓഫീസില്‍നിന്ന് ഫോണ്‍ വന്നു. തൊട്ടുപുറകേ പതിനഞ്ചോളം വിളികള്‍. കളക്ടറേറ്റില്‍നിന്ന് വിളിച്ച സ്ത്രീ പറഞ്ഞു അവര്‍ക്ക് അബദ്ധം പറ്റി സഹകരിക്കണമെന്ന്. ഞാന്‍ തയാറെന്നറിയിച്ചു. എയര്‍പോര്‍ട്ടില്‍ സംഭവിച്ചതെന്തെല്ലാമെന്ന് സിസി ടിവി നോക്കിയാല്‍ അറിയാം. മൂന്നുമണിയോടെ ആംബുലന്‍സ് വന്നു, എന്നെ കളമശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. ഞാന്‍ നാട്ടുകാര്‍ക്കു മുമ്പില്‍ തെറ്റുകാരനായി. വീട്ടുകാര്‍ കുറ്റക്കാരായി. അവരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.
വിമാനത്താവളത്തില്‍ എല്ലാരും പിപിഇ കിറ്റ് ധരിച്ചാണിരിപ്പ്. യാത്രക്കാര്‍ പരിശോധന കഴിഞ്ഞ്, മാസ്കും കൈയുറയും ധരിച്ചാണ് വരുന്നത്. പിന്നെ എന്തിനീ പേടി. പേടിയാണെങ്കില്‍ അവരെന്തിനവിടെ ഇരിക്കുന്നു. കളക്ടര്‍ ഒരു മിന്നല്‍ പരിശോധന നടത്തിയാല്‍ അറിയാം, എന്താണവിടെ സംഭവിക്കുന്നതെന്ന്. തലേന്ന് രാത്രി എന്തോ കഴിച്ച് പുലര്‍ച്ചെ അബുദാബി വിമാനത്താവളത്തിലെത്തിയതാണ്. രാത്രി ഫ്ളൈറ്റില്‍ കിട്ടിയത് ഒരു ബണ്ണും ഒരു ബിസ്കറ്റും വെള്ളവുമാണ്, മാത്യു വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: