വാഷിംഗ്ടണ്‍:കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന ആരോപണം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”ലോകം മുഴുവന്‍ കോവിഡ് ബാധിച്ചതിനു പിന്നില്‍ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ജോലി ചെയ്തില്ല .” ട്രംപ് ട്വീറ്റ് ചെയ്തു.ചൈനയുടെ കഴിവ്കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക്’ കാരണമായതെന്നു ട്രംപ് ആരോപിച്ചു.അമേരിക്ക ഈ സംഭവത്തെ നിസ്സാരമായി കാണാന്‍ തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കകാരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു
കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണ് എന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. 94000 ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധ മൂലം മരിച്ചത്. 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
യുഎസിനെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ നടക്കുമ്പോള്‍ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂര്‍വ്വം വരുത്തി തീര്‍ക്കാനായിരുന്നു ചൈനയുടെ ശ്രമം.
യുഎസിനും യൂറോപ്പിനുമെതിരെ ചൈന നടത്തുന്നത് പ്രത്യയശാസ്ത്രപരമായ ആക്രമമാണ്. ഇത് കൊടിയ വഞ്ചനയാണ്. കോവിഡിനെ ‘പ്ലേഗ്’ എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു തുറന്നു പറഞ്ഞു. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങള്‍ അറിഞ്ഞതോടെ ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: