പാട്ന: ഇതരസംസ്ഥാന തൊഴിലാളികള്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിയത് ഏറ്റവുമധികം ബാധിക്കുന്നത് ബിഹാറിനെ. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി ബിഹാറില്‍ നിന്ന് വരുന്ന വൈറസ്ബാധിതരുടെ വിവരങ്ങള്‍ വലിയൊരപകടത്തിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ട്.
വ്യാഴാഴ്ച 380 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളുടെ 25 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 274 പേര്‍ക്കു കൂടി വൈറസ് കണ്ടെത്തിയതോടെ ആകെ ബാധിതരുടെ എണ്ണം 2000 കടന്നു. വളരെപ്പെട്ടെന്നാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനയുണ്ടായത്. മെയിലെ ആദ്യ ദിവസങ്ങളില്‍ ബിഹാറിലെ രോഗികളുടെ എണ്ണം 450ല്‍ താഴെയായിരുന്നു. 3.75 ശതമാനമായിരുന്നു വൈറസ് വ്യാപന നിരക്ക്.
കഴിഞ്ഞ ഏഴ് ദിവസത്തെ നിരക്ക് 10.32 ശതമാനം. 3.75 ശതമാനമാകാന്‍ 19 ദിവസം വേണ്ടി വന്നെങ്കില്‍ അത് 10.32 ശതമാനമായത് ഏഴ് ദിവസം കൊണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെത്തി തുടങ്ങിയതോടെയാണ് ബിഹാറിലെ സ്ഥിതി മാറിയത്. വൈറസ് ബാധിതരില്‍ പകുതിയിലധികവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്കെത്തിയവരാണ്. ഇത് ആശങ്കാജനകമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ പുതിയതായി വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം 3000ലേക്ക്. 2940 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗബാധിതരായത്.മുംബൈയില്‍ മാത്രം 25,000 കടന്നു. സ്ഥിതി ഗുരുതരമായതോടെ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു തുടങ്ങി. സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകള്‍ ആഗസ്ത് വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്ന് ഉത്തരവിറങ്ങി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 10,000ലധികം പേര്‍ക്കാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1949 കണ്ടെയ്ന്റ്മെന്റ് സോണുകളുണ്ട്. 26,865 പേര് സര്‍ക്കാരിന്റെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്. നാഗ്പൂരിനെ മെയ് 31 വരെ വീണ്ടും റെഡ് സോണായി പരിഗണിക്കുമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു. നാഗ്പൂരിനെ നേരത്തെ റെഡ് സോണില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി ചെന്നൈയില്‍ വൈറസ് ബാധിതരുടെ എണ്ണമുയരുന്നു. ചേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതലും. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ പരിശോധ കര്‍ശനമാക്കും. തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരില്‍ 62 ശതമാനവും ചെന്നൈയിലാണ്. വൈറസ് പ്രതിരോധത്തിനായി 2500 സന്നദ്ധപ്രവര്‍ത്തകരെയും 30,000 ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പുതിയ സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം വരെ ചെന്നൈയില്‍ മാത്രം 8,893 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വീടുകള്‍ കയറിയിറങ്ങിയുള്ള പരിശോധനയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊറോണ പോസിറ്റീവായതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്തില്‍ ഓരോ ദിവസവും മുന്നൂറിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഗുജറാത്തില്‍ ഏറ്റവും കൂടുതലും രാജ്യത്ത് രണ്ടാമതും വൈറസ് ബാധിതരുള്ള നഗരമാണ് അഹമ്മദാബാദ്. ഇവിടെ മാത്രം പതിനായിരത്തോളം പേരില്‍ വൈറസ് ബാധ കണ്ടെത്തി. 619 പേര് മരിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലുണ്ടായത്. 660 പേര് വൈറസ് ബാധിതരായി. ആദ്യമായാണ് അറുനൂറിലധികം പേര്‍ക്ക് ഒറ്റ ദിവസം വൈറസ് ബാധ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: