മലപ്പുറം: ആയുര്‍വേദ കുലപതിയും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യര്‍ക്ക് തൊണ്ണൂറ്റി ഒന്‍പതാം പിറന്നാള്‍. ഇടവമാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെയായിരുന്നു ജന്മദിനം. പതിവുപോലെ ആഘോഷം സദ്യയിലൊതുങ്ങി. കൈലാസമന്ദിരത്തില്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം സദ്യയുണ്ടു. മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
കോടിതലപ്പണ ശ്രീധരന് നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് (കൊല്ലവര്‍ഷം 1096) പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജിലും.
ആര്യവൈദ്യശാല സ്ഥാപകനായ അമ്മാവന് വൈദ്യരത്നം ഡോ. പി.എസ്. വാര്യരായിരുന്നു ഗുരുവും വഴികാട്ടിയും. 1953ല്‍ ജ്യേഷ്ഠന് പി.കെ. മാധവവാര്യരുടെ മരണത്തിന് ശേഷമാണ് പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി ചുമതലയേറ്റത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: