മൂന്ന് ശ്ലോകങ്ങളിലായി ആത്മാവ് അസംഗനെന്ന് സമര്‍ത്ഥിക്കുന്നു.
ശ്ലോകം 189
യോളയം വിജ്ഞാനമയഃ പ്രാണേഷു
ഹൃദി സ്ഫുരത് സ്വയം ജ്യോതിഃ
കൂടസ്ഥഃ സന്നാത്മാ കര്‍ത്താ
ഭോക്താ ഭവത്യു
പാധിസ്ഥഃ
ചൈതന്യസ്വരൂപവും സ്വയം ജേ്യാതിസ്സുമായ ആത്മാവ് ഹൃദയത്തിനകത്ത് പ്രാണന്‍മാരില്‍ പ്രകാശിക്കുന്നു. മാറ്റവും ഇളക്കവുമില്ലാതെ കൂടസ്ഥനായി ഇരിക്കുന്നവനാണെങ്കിലും വിജ്ഞാനമയ കോശമാകുന്ന ഉപാധിയുമായി താദാത്മ്യം പ്രാപിക്കുന്നതിനാല്‍ അത് കര്‍ത്താവും ഭോക്താവുമായിത്തീരുന്നു. ഹൃദയത്തിനകത്തെ ബുദ്ധിയില്‍ ആത്മാവ് പ്രകാശിക്കുന്നുവെന്ന് വേദാന്തം പറയുന്നു. ഹൃദയ ഗുഹയിലെന്നും ബുദ്ധി ഗുഹയിലെന്നും ആത്മാവിന്റെ സ്ഥാനത്തെ പറയാറുണ്ട്. പ്രേമം, കരുണ എന്നിവയ്‌ക്ക് ആധാരമായ ഹൃദയത്തിലാണ് ബുദ്ധിയിരിക്കുന്നത്. ആത്മദര്‍ശനത്തിന് സഹായകരായ ധ്യാനവും ഏകാഗ്രതയും ഇവിടെയാണ് പ്രകടമാകുന്നത്. ബുദ്ധി ഹൃദയത്തിലെന്ന് പറയുന്നത് ധ്യാനാവസ്ഥയിലെ വിക്ഷേ പങ്ങളൊന്നുമില്ലാത്ത സാമ്യഭാവത്തെ കുറിക്കുന്നു.
പാവനമായതും പരിശുദ്ധവുമായ അന്തഃകരണത്തിന്റെ നിലയെ ഹൃദയമെന്ന് പറയാം. വികാരവിക്ഷോഭങ്ങളാണെങ്കില്‍ അത് ചഞ്ചലമായ മനസ്സാണ്.
ആത്മസ്വരൂപം നന്നായി വിളങ്ങണമെങ്കില്‍ അന്തഃകരണം തെളിയണം. ചിത് സ്വരൂപവും സ്വയം പ്രകാശകവുമായ ആത്മാവ് അത്തരം ഹൃദയത്തിലേ തെളിഞ്ഞ് വിളങ്ങുകയുള്ളൂ. വിജ്ഞാനമയകോശം അഥവാ ബുദ്ധിയാണ് ആത്മസ്ഫുരണത്തിന് ഏറ്റവും അനുയോജ്യമായ ഉപാധി.
വിജ്ഞാനമയകോശമാകുന്ന ഉപാധിയുമായി താദാത്മ്യം പ്രാപിക്കുന്നതിനാല്‍ ഈ ആത്മാവ് ചെയ്യുന്നവനായും അനുഭവിക്കുന്നവനായും മാറുന്നു. പ്രാണേഷു എന്നതിന് പ്രാണന് സമീപം എന്ന് അറിയണം.കൂടസ്ഥന്‍ എന്ന വാക്ക് കൊണ്ടാണ് ആത്മാവിന്റെ മാറ്റമില്ലാത്ത ഇളക്കമറ്റ ഭാവത്തെ പറഞ്ഞത്. കൂടം പോലെ ഇളകാതിരിക്കുന്നത്. ഇരുമ്പുകഷ്ണങ്ങളും മറ്റും അടിച്ചു പരത്താന്‍ ഉപയോഗിക്കുന്ന കഠിനമായ ഉരുക്ക് പ്രതലമാണ് അത്. വലിയ ചുറ്റികയ്‌ക്കും കൂടം എന്ന് പറയാറുണ്ട്. എത്ര അടിച്ചാലും അതിന് ഒരു മാറ്റവും ഉണ്ടാവുകയില്ല. ആത്മാവ് യാതൊരു പരിണാമത്തിനും വിധേയമാകത്തതാണ്. എങ്കിലും ഉപാധികളുമായി ബന്ധപ്പെടുമ്പോള്‍ അവയുമായി തന്മയത്വം പ്രാപിക്കും. അപ്പോഴാണ് കര്‍തൃത്വ ഭോക്തൃത്വ ഭാവങ്ങള്‍ ഉണ്ടാകുന്നത്.
മനോബുദ്ധികളാകുന്ന ഉപാധികളുമായി ചേരുന്ന പരമാത്മാവ് ഇതു മൂലം പരിമിതനായ ജീവന്‍ ആയി മാറുന്നു. എന്നാല്‍ ഇതൊക്കെ അജ്ഞാനം മൂലം ആത്മാവില്‍ ആരോപിക്കപ്പെടുന്ന വെറും കല്‍പ്പനകള്‍ മാത്രമാണ്. വാസ്തവത്തില്‍ അതിനെ യാതൊന്നും ബാധിക്കുന്നില്ല. എപ്പോഴാണോ അജ്ഞാനം നീങ്ങുന്നത് അപ്പോള്‍ സ്വയം ആത്മസ്വരൂപം തന്നെയെന്ന് ബോധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക