കൊല്‍ക്കത്ത: ഉം-പുന് ചുഴലിക്കാറ്റ് സംഹാരതാണ്ഡമാടിയ പശ്ചിമ ബംഗാളിന് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനസഹായത്തിന്റെ ആദ്യഗഡുവായി 1000 കോടി രൂപ ബംഗാളിന് നല്‍കുമെന്ന് പ്രധാനമന്ത്രി. ദുരന്ത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു. എന്നാല്‍, അന്ന് ഒഡീഷയില്‍ ചുഴലിക്കാറ്റ് വീശുകയുണ്ടായി. ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു ചുഴലിക്കാറ്റിലൂടെ പശ്ചിമ ബംഗാളിലെ തീരദേശങ്ങള്‍ അടക്കം ദുരിതത്തിലായി. ഈ ദുരന്തസമയത്ത്, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാള്‍ ജനതയ്ക്കൊപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.
ഇന്നര രാവിലെയാണ് ഉം-പുന് ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തിയത്യയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യോമസേന ഹെലികോപ്റ്ററില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെയാണു പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ശേഷം നേരേ വ്യോമനിരീക്ഷണത്തിനായി പോവുകയായിരുന്നു.
ഉം-പുന് ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലും ഒഡീഷയിലും സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയില്‍ ആകട്ടെയെന്ന് ആശംസിച്ചു. ‘ഉം-പുന് ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിനെതിരെ ധീരമായി പോരാടുന്ന ഒഡീഷ സംസ്ഥാനത്തിനും അവിടത്തെ ജനങ്ങള്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍. ദുരിതബാധിതര്‍ക്കു വേണ്ട എല്ലാ സഹായവും ഉറപ്പാക്കാന്‍ അധികൃതര്‍ അശ്രാന്ത പരിശ്രമത്തിലാണ്. സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: