തിരുവല്ല: കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ പി ജോണിന്റെ ദുരൂഹ മരണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ നല്കിയ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് അദ്ദേഹം മടക്കി. വിഷയത്തില്‍ അതൃപ്തിയും രേഖപ്പെടുത്തിയതായാണ് സൂചന.
മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍ ഡിജിപിയും പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ മാനേജിങ് തലവനുമായ വ്യക്തിയുടെ ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയില്ലെന്ന വരുത്തിത്തീര്‍ക്കാന്‍ ക്രൈബ്രാഞ്ച് അന്വേഷണസംഘവും ശ്രമിച്ചത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ തച്ചങ്കരി ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറുന്നത്. എന്നാല്‍ വിഷയത്തില്‍ തുടക്കം മുതലുള്ള ഉന്നത ബന്ധങ്ങളുടെ ഇടപെടല്‍ ക്രൈബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തെയും ബാധിച്ചതായാണ് വിലയിരുത്തല്‍. ലോക്കല്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങളില്‍ അടക്കം ഉണ്ടായ വീഴ്ചകളും ദുരൂഹത ഉയര്ത്തുന്നസാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന നിലപാടില്‍ എഡിജിപി എത്തിയത്.
പോലീസ് എത്തുന്നതിന് മുമ്പ് മരവിച്ച മൃതദേഹം ആമ്പുലന്‍സില്‍ കയറ്റാന്‍ ശ്രമിച്ചതും. സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും സ്വകാര്യമെഡിക്കല്‍ കോളേജിലേക്ക് ആദ്യഘട്ടം മൃതദേഹം എത്തിച്ചതും വീഴ്ചയാണെന്ന് എഡിജിപി വിലയിരുത്തിയിട്ടുണ്ട്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മരിച്ച ദിവ്യ പി. ജോണ്‍.
സംഭവ ദിവസം രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേല്‍മൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി. എന്നാല്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോണ്‍സിയാണ് 11.45ഓടെ പൊലീസില്‍ വിവരമറിയിച്ചത്. 12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്പ് ആംബുലന്‍സ് മഠത്തില്‍ എത്തിയിരുന്നു. ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇരുമ്പ് മേല്മൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയില്‍ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷന് ഓഫിസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മഠത്തിലെ പതിവ് പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: