കാലവര്‍ഷം തുടങ്ങാന്‍ ഇനിയും സമയമുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഭയം മലവെള്ളംപോലെ നിറയുകയാണ്. 2018 ലും 2019 ലും കേരളത്തെ വിഴുങ്ങിയ പ്രളയം ഈ മഴക്കാലത്തും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയാണ് ഇതിനു കാരണം. അധിക വേനല്‍ മഴ കൊണ്ടുതന്നെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. പ്രതീക്ഷിക്കുന്ന കാലവര്‍ഷം ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുമെന്ന് ഉറപ്പ്. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നുമൊക്കെ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ല. കേരളത്തെ അങ്ങോളമിങ്ങോളം വെള്ളത്തിലാഴ്ത്തിയ രണ്ട് പ്രളയ ദുരന്തങ്ങളുടെ അനുഭവങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. പ്രളയ ദുരന്തമുണ്ടാക്കിയ കെടുതികളില്‍നിന്ന് ഇനിയും മോചിതരാവാത്ത ആയിരക്കണക്കിന് മലയാളികളുണ്ട്.
മാര്‍ച്ച് ഒന്നു മുതല്‍ ശക്തമായ തോതിലുള്ള കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ജില്ലകളിലുമുണ്ടായത്. ഇപ്പോള്‍ തന്നെ ഒറീസയിലും പശ്ചിമബംഗാളിലും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിരിക്കുകയാണ്. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് കരതൊട്ട ഈ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും കേരളത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം ചുഴലിക്കാറ്റുകള്‍. 2017ല്‍ തമിഴ്നാട്ടിലും കേരളത്തിന്റെ തെക്കന്‍ തീരത്തും വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. മത്സ്യബന്ധനത്തിനുപോയി അന്നു കാണാതായ ചിലരെ ഇന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കരുതലെടുക്കാതിരുന്നതാണ് നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിച്ചത്. രോഷാകുലരായ ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിവിശേഷം വരെ അന്നുണ്ടായി.
നാല്പ്പത്തിനാല് നദികള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. എന്നാല്‍ ഈ നദികള്‍ ജനങ്ങള്‍ക്ക് ശാപമായി മാറുന്നതാണ് പ്രളയദുരന്തകാലത്ത് കണ്ടത്. അതി തീവ്രമഴയില്‍ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. ഭയപ്പെടാനില്ല, എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ മഴ നിലയ്ക്കാതെ പെയ്തതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. എല്ലാ അണക്കെട്ടുകളും ഒരുമിച്ചു തുറന്നുവിട്ടു. ഇതോടെ അതുവരെ കാണാതിരുന്ന പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അണക്കെട്ടുകള്‍ നേരത്തെ ഘട്ടംഘട്ടമായി തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയും, പ്രകൃതി ദുരന്തങ്ങള്‍ പണം പിരിക്കാനുള്ള അവസരമായി കാണുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ കയ്യൊഴിയണം. ഈ രംഗത്തെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് കാലേകൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയണം.
മഴക്കാലം പകര്‍ച്ചപ്പനികളുടെ കാലം കൂടിയാണ്. ഇപ്പോള്‍ത്തന്നെ പല ജില്ലകളിലും എലിപ്പനി, ഡെങ്കുപ്പനി എന്നിവ കണ്ടു തുടങ്ങി. ഓരോ തവണയും പതിനായിരക്കണക്കിനാളുകള്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിക്കുന്നത്. ആരോഗ്യസുരക്ഷയെക്കുറിച്ച് വാചാലരാകുമ്പോഴും രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രികളില്‍ പരിമിതമാണ്. കേരള മോഡല്‍ ഗിരിപ്രഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത് ചികിത്സയ്ക്ക് പകരമാവില്ല. രോഗബാധിതര്‍ അടിക്കടി വര്‍ധിച്ച് കോവിഡ്-19 എന്ന മഹാമാരി കേരളത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടെ പനി കൂടി പടര്‍ന്നുപിടിച്ചാല്‍ മഹാദുരന്തമാകും. ഇത് ഒഴിവാക്കാന്‍ മേനി പറച്ചില് നിര്‍ത്തി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: