ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ ഭക്തിജ്വാലയുടെ മഹിതപ്രകാശം പരന്നത് നൂറ്റാണ്ടുകളിലൂടെയാണ്. നാട്ടുരാജ്യമായ ‘കാമരൂപ'(കാമടാ രാജ്യം) പില്ക്കാലം ‘അസം’ എന്ന പ്രവിശ്യയായി. ക്ഷയോന്മുഖമായ ആ നാട്ടില്‍ പതിമൂന്നാം നൂറ്റാണ്ടിലാണ് ഭക്തിസമ്പ്രദായത്തിന്റെ ആയിരത്തിരി കൊളുത്തിയത്. രാജാവായ ദുര്‍ലഭ നാരായണന്,
പുരാണേതിഹാസങ്ങളുടെ ഭക്തിസംവര്‍ധകമായ പുനരാവിഷ്ക്കാരം നിര്‍വഹിക്കുന്ന കൊട്ടാരം കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ഹരിഹരവിപ്രന്റെ ‘ഗൗരീകീര്ത്തനങ്ങള്’ ഹേമസരസ്വതിയുടെ ‘പ്രഹ്ലാദചരിതം’, ‘ഹര ഗൗരീ സംവാദം’, രത്നസരസ്വതിയുടെ ‘ജയദ്രഥ വധം’, രുദ്രകുണ്ഡലിയുടെ ‘സാത്യകിപ്രവേശനം’ എന്നീ കൃതികള്‍ ജനമനസ്സുകളില്‍ നന്മയുടെയും സ്നേഹത്തിന്റെയും വിശുദ്ധി വീശി.
പതിനാലാം ശതകത്തില്‍ കവിരാജ് മാധവ കണ്ടലി ‘വാല്മീകി രാമായണം’ പരാവര്‍ത്തനം ചെയ്തു. രാമരാജ്യവിഭൂതി സമൂഹത്തിന് ഉത്തേജനമായി. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സര്‍പ്പാരാധനയുടെ ഭക്തിപ്രത്യയങ്ങള്‍ നാട്ടില്‍ പ്രത്യക്ഷമായത്. സര്പ്പപുത്രിയായ മനസാദേവിയെക്കുറിച്ചുള്ള ധാരാളം കൃതികള്‍ ഉണ്ടായെങ്കിലും മനകര്‍ എന്ന പണ്ഡിതകവിയുടെ സ്തുതികള്‍ കാലത്തെ അതിജീവിക്കുന്നതായിരുന്നു. ഭക്തിധാരാ കാവ്യങ്ങളില്‍ തുളസീദാസിന്റെ രാമചരിതത്തിനൊത്ത ‘കീര്‍ത്തന ഘോഷ’ എന്ന ഗ്രന്ഥം രചിച്ച ശങ്കരദേവയാണ് അസം ഭക്തിപ്രസ്ഥാനത്തിന്റെ നായകനായി പ്രത്യക്ഷപ്പെടുന്നത്. 1449 ല്‍ ബ്രഹ്മപുത്രാ തീരത്തെ അലിപുഖുരിയിലാണ് ശങ്കരദേവ ജനിച്ചത്. ‘കുസുമാവര’യും ‘സത്യസന്ധ’യുമായിരുന്നു മാതാപിതാക്കള്‍. ആചാര്യ മഹേന്ദ്ര കണ്ടലിയെ ഗുരുവായി സ്വീകരിച്ച ശങ്കരദേവ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ സംസ്കൃതപഠനത്തിലൂടെ പൈതൃക സംസ്കൃതിയും ശാസ്ത്രവും സ്വായത്തമാക്കി. പത്നി സൂര്യാവതി അകാലത്തില്‍ അന്തരിച്ചു. മകളുടെ വിവാഹാനന്തരം ശങ്കരദേവ ഗുരുവും ശിഷ്യരുമടങ്ങുന്ന പതിനേഴംഗ സംഘത്തോടൊപ്പം തീര്‍ഥയാത്ര ആരംഭിച്ചു. ആത്മീയമായ പഠനമനനങ്ങളായിരുന്നു മഹാലക്ഷ്യം. ഗയ, പുരി, വൃന്ദാവന്‍, മഥുര, ദ്വാരക, കാശി, പ്രയാഗ്, സീതാകുണ്ഡ്, വരാഹകുണ്ഡ്, ബദരികാശ്രമം എന്നീ പുണ്യസ്ഥലികളില്‍ ആയാനം തുടര്‍ന്നു. വൈഷ്ണവാചാര്യന്മാരുമായുള്ള സമ്പര്‍ക്കവും ചര്‍ച്ചയുമായി ശങ്കരദേവ നവജ്ഞാനത്തിന്റെ ദീപശിഖ ഉയര്‍ത്തുകയായിരുന്നു.
അസമില്‍ തിരിച്ചെത്തിയ ശങ്കരദേവ തന്റെ പ്രബുദ്ധമായ ആശയങ്ങള്‍ സാമാന്യജനങ്ങളിലേക്ക് പകര്‍ന്നു. അന്ധവിശ്വാസം അനാചാരം, ജാതിക്കോയ്മ എന്നിവയ്ക്കെതിരെ ധീരമായി ആശയപ്രചരണം നടത്തി. ഗൃഹസ്ഥാശ്രമികളെയും ആത്മീയ മേഖലകളില്‍ പങ്കാളികളാക്കിയ മഹാഗുരു ‘കര്‍മയോഗ സാധനയിലൂടെ സായൂജ്യം നേടുക’ എന്ന ഭഗവദ്ഗീതാദര്‍ശനം പ്രചരിപ്പിച്ചു. എന്നാല്‍ രാജാവായ നാരായണനും ഗൂഢസംഘവും ഗുരുവിന് എതിരായി പോരാടാന്‍ തുടങ്ങി.
ഒടുവില്‍ സഹാനുഭൂതി തോന്നിയ ഇളയരാജാവാണ് ശങ്കരദേവയെ രക്ഷിച്ച് രഹസ്യമായി സംരക്ഷണ താവളത്തിലെത്തിച്ചത്. പിന്നീട് ബാര്ദോവയില് സത്രവും നാമഗൃഹവും സ്ഥാപിച്ച ഗുരു ‘മഹാ പുരുഷീയ പ്രസ്ഥാന’ത്തിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു. സങ്കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, നൃത്തനാടകങ്ങള്‍ എന്നിവയിലൂടെ ആത്മീയമായ അടിത്തറയാണ് ശങ്കരദേവ ആചരിച്ചത്. ‘ആദിദശമ’, ‘ഭക്തിപ്രദീ
പ്’, ‘ഗുണമാല’ എന്നീ പ്രകൃഷ്ടകൃതികള്‍ ഗുരുവിന്റെ നിത്യ ചൈതന്യം രേഖപ്പെടുത്തുന്നു. 1560 ലാണ് ആ ഐതിഹാസിക ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പുതിയൊരു സാമൂഹ്യക്രമവും ജീവിതശൈലിയുമാണ് ശങ്കരദേവയുടെ ചരിതം രേഖപ്പെടുത്തുന്നത്. അക്ഷയമായ അറിവിന്റെ ആ അമരലോകം കാലങ്ങളില്‍ ബോധിയായി വളരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: