തൊടുപുഴ: കഞ്ചാവു മാഫിയ സംഘങ്ങള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. വീടുകയറി ആക്രമണത്തെതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചത്. കാളിയാര്‍ ചെറുതോട്ടിന് കരയിലാണ് സംഭവം. കാളിയാര്‍ പോലീസിനാണ് പരാതി ലഭിച്ചതെങ്കിലും സംഭവം നടന്നത് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ഇവിടെ നിന്നുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കോടിക്കുളം വണ്ടമറ്റം കീഴാപുരയ്ക്കല് അരുണി (19)നെയാണ് കഴിഞ്ഞ 17ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ കാളിയാര്‍ ചെറുതോട്ടിന്‍കര സ്വദേശികളായ കയറ്റിയാനിയ്ക്കല് അഖില്‍ (24), ചക്കുങ്കല്‍ ശ്രീനാഥ് (22), വാഴയ്ക്കാതടത്തില് അഖില്‍ (24), കാരിക്കുന്നേല്‍ ശ്യാം (28), നെടുമായില് ആനന്ദ് (21) എന്നിവരെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. അരുണിന്റെ പിതാവാണ് മകനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയതായി കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയത്. അരുണിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ചെറുതോട്ടിന്‍കരയിലുള്ള ചില വീടുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.
കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞ് വീട് തകര്‍ക്കുകയും വാഹനങ്ങളുടെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കാളിയാര്‍ പോലീസില്‍ കേസ് നിലവിലുണ്ട്. ഈ സംഭവത്തിന് പകരം ചോദിക്കാന്‍ അരുണിന്റെ സഹോദരനെ തേടി ഗുണ്ടാ സംഘം നെയ്യശേരിയിലെ വീട്ടിലെത്തി. ഇയാള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ അരുണിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. അരുണിനും സഹോദരനുമെതിരെ ഇതിനു മുന്‍പും കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: