ഇടുക്കി: കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ഇടുക്കി ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ജില്ലയില്‍ നടത്തിയത്. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നുമായി കെഎസ്ആര്‍ടിസി 40 സര്‍വീസുകള്‍ നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു സര്‍വീസുകള്‍ കൂടുതലായും നടത്തിയത്.
തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ സര്‍വീസുകളുടെ എണ്ണം. യാത്രക്കാര്‍ കുറവായതിനാലാണ് പരിമിതമായ സര്‍വീസുകള്‍ നടത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളാണ് നിരത്തിലിറക്കിയത്. 48 സീറ്റുകളുള്ള ബസില്‍ പകുതി യാത്രക്കാരെ കയറ്റിയാണ് സര്‍വീസുകള്‍ നടത്തിയത്. 50 ശതമാനം നിരക്ക് വര്‍ധനയും യാത്രക്കാരില്‍ നിന്ന് ഈടാക്കി.
തൊടുപുഴയില്‍ നിന്നും ഇന്ന് 13 സര്‍വീസുകളും മൂലമറ്റത്ത് നിന്നും ആറു സര്‍വീസുകളും നടത്തും. മൂലമറ്റം ഡിപ്പോപ്പോയില്‍ നിന്ന് രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 എന്നീ സമയങ്ങളില്‍ മൂലമറ്റത്ത് നിന്നും തൊടുപുഴക്ക് സര്‍വീസ് നടത്തും.
എന്നാല്‍ 20-ല്‍ താഴെ സ്വകാര്യ ബസുകള്‍ മാത്രമാണ് ഇന്നലെ ജില്ലയിലെ വിവിധ മേഖലകളില്‍ ഓടിയത്. ഷട്ടില്‍ സര്‍വീസ് ബസുകളാണ് നിരത്തിലിറങ്ങിയത്. ബസുകളില്‍ യാത്രക്കാര്‍ പൊതുവെ കുറവായിരുന്നെന്ന് ബസുടമകള്‍ പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
തൊടുപുഴയില്‍ നിന്ന് ഗ്രാമീണ മേഖലകളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസുകളും. വണ്ണപ്പുറം, ചീനിക്കുഴി, പൂമാല, ഞാറക്കാട്, ആനക്കയം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരുന്നു. തൊടുപുഴയില്‍ നിന്നും കൂടുതല്‍ യാത്രക്കാരുള്ള കട്ടപ്പന റൂട്ടില്‍ രാവിലെയും വൈകുന്നേരങ്ങളിലും തിരക്കനുഭവപ്പെട്ടു.
കട്ടപ്പനയ്‌ക്ക് ഇന്നലെ നാല് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിന് പുറമെ മൂന്നാര്‍, പൂമാല, ഉപ്പുകുന്ന്- ചെറുതോണി, വണ്ണപ്പുറം- ചെറുതോണി, മൂലമറ്റം തുടങ്ങിയ റൂട്ടുകളിലും സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ തൊടുപുഴ- അടിമാലി റോഡ് എറണാകുളം ജില്ല വഴി കടന്ന് പോകുന്നതിനാല്‍ അടിമാലിയ്‌ക്ക് ബസ് ഓടിക്കാനായില്ല. അതേ സമയം കെഎസ്ആര്‍ടിസി ബസുകള്‍ ഇതേ റൂട്ടില്‍ ഓടി തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഇക്കാര്യത്തില്‍ സമീപിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസിക്ക് പ്രത്യേക അനുമതി നല്‍കിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: