കാസര്‍കോട്: ഗോവയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജനയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് മഹിളാ ഐക്യവേദി കാസര്‍കോട് ജില്ല അധ്യക്ഷ സതി കോടോത്ത് ആവശ്യപ്പെട്ടു.
രണ്ടുമാസം മുമ്പ് സ്വദേശത്ത് നിന്ന് കാണാതാവുകയും പിന്നീട് ചില തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സംരക്ഷണയിലായിരുന്നു അഞ്ജന. അവള് കഴിഞ്ഞാഴ്ച ഗോവയില്‍ നിന്ന് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുകയും തിരിച്ചെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് വീട്ടുകാരെ തേടിയെത്തിയത്.
തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അഞ്ജനയ്ക്കു ബന്ധമുണ്ടായിരുന്നുവെന്ന വാര്‍ത്ത വരുന്ന സാഹചര്യത്തില്‍, അവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഗാര്‍ഗിയുടെയും മറ്റ് സുഹൃത്തുക്കളുടെയും യും പങ്ക് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധ ആശയങ്ങളില്‍ ആകൃഷ്ടരായി വഴിവിട്ട കൂട്ടുകെട്ടുകളില്‍ പെട്ട നശിച്ചു പോകുന്ന യുവതലമുറയെ ആശങ്കയോടെ മാത്രമേ കാണാനാകൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തീവ്രഇടതു സംഘടനകളുമായി ബന്ധം ഉള്ള ഇത്തരം കേസുകളില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിന് എന്‍ഐഎക്കു മാത്രമേ സാധിക്കൂവെന്ന് സതികോടോത്ത് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: