അടുത്ത ശ്ലോകത്തോടെ വിജ്ഞാനമയകോശ വര്‍ണ്ണനം അവസാനിക്കുന്നു.
ശ്ലോകം 188
ദേഹാദിനിഷ്ഠാശ്രമധര്മ്മ കര്‍മ്മ-
ഗുണാഭിമാനം സതതം മമേതി
വിജ്ഞാനകോശോളയമതി പ്രകാശഃ
പ്രകൃഷ്ട സാന്നിദ്ധ്യവശാത് പരാത്മനഃ
അതോ ഭവത്യേഷ ഉപാധിരസ്യ
യദാത്മധീഃ സംസരതി ഭ്രമേണ
പരമാത്മാവുമായുള്ള അത്യന്തസാമീപ്യം കാരണം വിജ്ഞാനമയകോശം വളരെയേറെ പ്രകാശമാനമായിത്തീരുന്നു. ദേഹം മുതലായവയെ സംബന്ധിച്ച ആശ്രമം, ധര്‍മ്മം, കര്‍മ്മം, ഗുണം എന്നിവയില്‍ വിജ്ഞാനമയകോശം എന്റെ എന്ന് എപ്പോഴും അഭിമാനിക്കുന്നു. ഇത് ആത്മാവിന്റെ ഉപാധിയാണ്. ഭ്രാന്തി മൂലം ജീവാത്മാവ് ഈ ഉപാധിയില്‍ തന്മയത്വം പ്രാപിച്ച് സംസാരദുഃഖം അനുഭവിക്കുന്നു.
വിജ്ഞാനമയകോശം മുമ്പ് പറഞ്ഞ അന്ന, പ്രാണ, മനോമയ കോശങ്ങളേക്കാള്‍ സൂക്ഷ്മമാണ്. സൂക്ഷ്മത കൂടിയതിനാല്‍ അവയേക്കാള്‍ വ്യാപനശേഷി കൂടുതലാണ് ഇതിന്. പരമാത്മാവിനോട് ഏറ്റവും അടുത്തായതിനാല്‍ അതീവ പ്രകാശത്തോടുകൂടിയതുമാണ്. അതുകൊണ്ട് തന്നെ പ്രതിഫലനശേഷിയും കൂടുതലാണ്. ആത്മാവിന്റെ ഏറ്റവും അടുത്ത ഉപാധിയാണ് വിജ്ഞാനമയം. ദേഹം മുതലായവയില്‍ എന്ന് പറഞ്ഞരിക്കുന്നതിനാല് കണ്ണ് മുതലായ ഇന്ദ്രിയങ്ങളേയും പഞ്ച പ്രാണങ്ങളേയുമെന്ന് അറിയണം. ഇവയുമായി ബന്ധപ്പെട്ട ആശ്രമം, ധര്‍മ്മം, കര്‍മ്മം, ഗുണം എന്നിവയിലൊക്കെ എല്ലായ്പ്പോഴും എന്റെ എന്ന് അഭിമാനത്തെ വച്ച് പുലര്‍ത്തുന്നു.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് ആശ്രമങ്ങള്‍. ഞാന്‍ ബ്രഹ്മചാരിയാണ്, ഗൃഹസ്ഥനാണ് എന്നൊക്കെയുള്ള തോന്നലുണ്ടാക്കും. ധര്‍മ്മം എന്നത് പൊതുവായ മനുഷ്യധര്‍മ്മങ്ങളും ബ്രാഹ്മണന് തുടങ്ങിയ ഓരോ വര്‍ണ്ണത്തിനുള്ള ധര്‍മ്മങ്ങളും ആശ്രമധര്മ്മങ്ങളുമൊക്കെ ഉള്‍പ്പെടും. ഇത് ഞാന്‍ ചെയ്യണ്ട ധര്‍മ്മമാണ്. അത് അനുഷ്ഠിച്ചില്ലെങ്കില്‍ ഞാന്‍ ആകില്ല. ഉദാഹരണം പഠിക്കുന്നയാളാണ് വിദ്യാര്‍ത്ഥി.നിയമപാലകനാണ് പോലീസ്.
കര്‍മ്മം എന്നാല്‍ ലൗകികവും വൈദികവുമായ കര്‍മ്മങ്ങള്‍. സ്ഥിതി, ഗതി എന്നിങ്ങനെ ലൗകിക കര്‍മ്മത്തെ രണ്ടായി പറയാം. മന്ത്രജപം, യജ്ഞ-യാഗങ്ങള്‍ മുതലായവയാണ് വൈദിക കര്‍മ്മങ്ങള്‍.ഗുണം എന്നത് കുറിയത് നീളമുള്ളത്, തടിച്ചത് മെലിഞ്ഞത്, സുന്ദരമായത് വിരൂപമായത് തുടങ്ങി പലതരത്തിലുണ്ട്. ആത്മപ്രതിഫലനം കാരണം വിജ്ഞാനമയകോശം അഥവാ ബുദ്ധി ഇന്ദ്രിയങ്ങളും പ്രാണങ്ങളും ദേഹവുമായി ബന്ധിക്കപ്പെട്ട് അവയുടെ ധര്‍മ്മങ്ങളെ തന്നില്‍ ആരോപിക്കുന്നു. ബുദ്ധി സ്വതവേ ജഡമാണ്. അത് ആത്മാവിനോടുള്ള വളരെ അടുപ്പം കാരണം ആത്മപ്രതിബിംബത്തെ നല്ലപോലെ പ്രകാശിപ്പിക്കുന്നു. അതിനാല്‍ ഏറ്റവുമടുത്ത ഉപാധിയാകുന്നു. തന്മൂലം താന്‍ ജീവനാകുന്നു എന്ന ഭേദബുദ്ധിയെ ഉണ്ടാക്കുകയും ചെയ്യും.ഇത് ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നതായ കര്‍തൃത്വ ഭോക്തൃത്വങ്ങള്ക്ക് കാരണമാകും.
ആത്മധീ എന്ന വാക്ക് ജീവനെയാണ് കുറിക്കുന്നത്. ധീ എന്നാല്‍ ബുദ്ധി. അതില്‍ പ്രതിബിംബിക്കുന്ന ആത്മചൈതന്യമാണ് ജീവന്. ജനന മരണ പ്രവാഹമായ സംസാര ഭ്രമണത്തിന് വിധേയമാകുന്നത് ഈ ജീവനാണ്. ഭ്രമത്തില്‍ പെടുമ്പോള്‍ താന്‍ ആത്മാവാണെന്നത് മറക്കും. സത്തായ തന്നെ അസത്തെന്ന് കരുതും.ഈ തെറ്റിദ്ധാരണ സംസാരത്തില്‍ പെട്ട് വട്ടം കറങ്ങാന്‍ ഇടവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: