കണ്ണൂര്‍: ദേവസ്വം ബോര്‍ഡ് ഇതര സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും ക്ഷേത്ര ഉത്സവ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് കേരളാ ആദ്ധ്യാത്മിക പ്രഭാഷകസമിതി നേതൃയോഗം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന പ്രവേശനമില്ലാതായതിനാല് ക്ഷേത്ര സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ക്ഷേത്ര ജീവനക്കാരും, ക്ഷേത്രഅനുബന്ധ പ്രവര്‍ത്തനങ്ങള്‍ മാത്രംഏക വരുമാന ഉപാധിയായിട്ടുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്നു. ക്ഷേത്രോത്സവങ്ങളുടെ കാലമാണ് ലോക് ഡൗണില്‍ നഷ്ടമായത്. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്തെ വലിയൊരു ജന വിഭാഗത്തിന്റെ ഒരു വര്‍ഷത്തെ പ്രധാനമായ ധനാഗമന സാദ്ധ്യത ഇതിലൂടെ നഷ്ടമായി. ഇതിനാല്‍ അടിയന്തിര സഹായം നല്‍കണം.
കോവിഡ് – 19 വ്യാപന സാധ്യതയില്‍ നിന്ന് മാനവരാശിമുക്തമാവുന്നതിനായി ആരോഗ്യ ജാഗ്രത പുലര്‍ത്തുവാനും പ്രാര്‍ത്ഥനാനിര്‍ഭരമായി പ്രതികൂല സാഹചര്യങ്ങളെ മറികടക്കുവാനും മാനവസമൂഹം കരുത്ത് ആര്‍ജ്ജിക്കുമെന്ന് പ്രഭാഷക സമിതി യോഗം പ്രത്യാശ പുലര്‍ത്തി . പ്രദോഷ ദിനത്തില്‍ ഇന്നലെ വൈകുന്നേരം സമിതിയുടെ ആഭിമുഖ്യത്തില്‍ നാമ ലേഖന യജ്ഞം സംഘടിപ്പിച്ചു.ഭാരവാഹികളായ കാനപ്രം ഈശ്വരന് നമ്പൂതിരി ,പി.എസ് മോഹനന് കൊട്ടിയൂര്‍ , ആലച്ചേരിഹരികൃഷണന് നമ്പൂതിരി, കെ.കെ. കെ.ചൂളിയാട് , മുരളീധരന് പട്ടാനൂര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: