തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരാകെ പിന്‍വലിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രണ്ടര ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ അവരാരും രംഗത്തില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണുള്ളത്. കമ്മ്യൂണിറ്റി കിച്ചണ്‍ നിര്‍ത്തിയതോടെ സന്നദ്ധപ്രവര്‍ത്തനത്തിനു വന്ന സിപിഎമ്മുകാരും പിന്‍വലിഞ്ഞു. മറ്റ് സന്നദ്ധ പ്രവര്‍ത്തനത്തിന് അവര്‍ക്ക് താല്പര്യമില്ല. സര്‍ക്കാര്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും മാത്രം സന്നദ്ധപ്രവര്‍ത്തനത്തിന് നിയമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണക്കാലത്ത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിവേകത്തോടയല്ലെന്ന് സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന് ശരിയായ നിലപാടില്ല. കൂടിയാലോചനകള്‍ നടത്താതെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പല തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടിവരുന്നത് അതിനാലാണ്. പ്രവാസിമലയാളികള്‍ തിരികെയെത്തിക്കുന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ അവ്യക്തതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മടങ്ങി വരുന്ന പ്രവാസികളെയെല്ലാം സ്വീകരിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു. ലക്ഷക്കണക്കിന് ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയെന്നു പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു ഇത്രയധികം ഫ്ളൈറ്റുകള്‍ വിദേശത്തു നിന്ന് വരേണ്ടതില്ലന്ന്. കേന്ദ്ര സര്‍ക്കാര്‍ എല്ലാപ്രവാസികളെയും തിരികെ കൊണ്ടുവരാന്‍ തയ്യാറാണ്. ആവശ്യത്തിനനുസരിച്ച് വിമാന സര്‍വീസ് നടത്താന്‍ തയ്യാറാണെന്നു പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ എന്ത് നിലപാടാണ് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം.
പ്രവാസികളെയും മറ്റു സംസ്ഥാനത്തുള്ള മലയാളികളെയും സ്വീകരിക്കാന്‍ സര്‍ക്കാരിന് ശരിയായ തയ്യാറെടുപ്പുകള്‍ ഇല്ലന്ന് സുരേന്ദ്രന് വ്യക്തമാക്കി. ആവശ്യമായ ക്വാറന്റയിന്‍ സൗകര്യങ്ങളില്ല. ലക്ഷക്കണക്കിനു പ്രവാസികള്‍ ഇവിടേക്ക് വരുമ്പോള്‍ അവര്‍ക്കുവേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെകൊണ്ടുവരാന്‍ സര്‍ക്കാരിന് താത്പര്യമില്ല. ശ്രമിക് തീവണ്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ശ്രമവും സംസ്ഥാനം ചെയ്യുന്നില്ല. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ബസുകള്‍ അയക്കാത്തത് ഇവിടെ ആവശ്യമായ തയ്യറെടുപ്പുകള്‍ നടക്കാത്തതുകൊണ്ടാണ്. കൂടിയാലോചനകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി തീരുമാനങ്ങള്‍ എടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കൈവിട്ടുപോകുന്നു. മഴക്കാലമാകുമ്പോള്‍ സ്ഥിതി നിയന്ത്രണാതീതമാകുന്ന അവസ്ഥയാണ് ഉള്ളത്. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നു. അതിനനുസരിച്ചുള്ള ജാഗ്രത ഇല്ല. വെറും പ്രചാരണങ്ങളും വാചാടോപങ്ങളും മാത്രമാണ് നടക്കുന്നത്. ഇത് രോഗവ്യാപനം രൂക്ഷമാക്കുമെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: