വാഷിംഗ്ടൺ: യു.എസ് – കാനഡ അതിർത്തി തുറക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. അമേരിക്കയും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ട്രൂഡോ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്യാവശ്യ സർവീസുകൾ ഒഴികെ സാധാരണ സർവീസുകൾ ജൂൺ 21നേ പുനരാരംഭിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്തഘട്ടം എന്താകുമെന്ന് പറയാനാവില്ലെന്നും ഒട്ടാവോയിൽ നടത്തിയ പ്രതിദിന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
അത്യാവശ്യ സർവീസിന് മാത്രമേ അതിർത്തി തുറന്നു കൊടുക്കുകയുള്ളൂവെങ്കിലും ക്വാറന്റൈൻ, ആരോഗ്യപരിശോധന തുടങ്ങിയ കർശനനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കുന്നതിന് ആവശ്യമായ ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യു.എസ് അഡ്മിനിസ്ട്രേഷനും അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും, കാനഡയിലേക്ക് വരുന്ന കനേഡിയൻ പൗരന്മാർക്ക് ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.തെരേസ ടോം പറഞ്ഞു. കാനഡയിൽ ഇതുവരെ 79411 കൊറോണ പോസിറ്റിവ് കേസുകളും 5960 മരണം സംഭവിച്ചതായും ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
















