റാന്നി: ഇതര സംസ്ഥാനത്തു നിന്ന് നാട്ടിലേക്കെത്തിയ ഒരുകുടുംബത്തിലെ ആറുപേർ പെരുവഴിയിൽ കുടുങ്ങി. മഹാരാഷ്ട്രയിലെ കോവിഡ് ബാധിത പ്രദേശമായ താനയിൽ നിന്ന് നാട്ടിലെത്തിയവർക്കാണ് സ്വന്തം പഞ്ചായത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. പെരുനാട് മാമ്പാറ സ്വദേശികൾക്കാണ് ഈ ദുരനുഭവം.
ഇന്നലെയാണ് മാമ്പാറ പാലയ്ക്കൽ സുരേന്ദ്രനും കുടുംബവും നാട്ടിൽ എത്തിയത്. യാത്രാ പാസ് നേടി എറണാകുളം വരെ ടാക്സിയിലും തുടർന്ന് ആംബുലൻസിലുമാണ് വടശേരിക്കരയിൽ എത്തിയത്. വടശേരിക്കര പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിക്കുവാൻ പെരുനാട് പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും വടശേരിക്കര പഞ്ചായത്ത് ഇത് അനുവദിച്ചില്ല. പിന്നീട് ഇവരുടെനാടായ പെരുനാട് പഞ്ചായത്തിലെ മാമ്പാറയിൽ ഇവർ തന്നെ ഒരു വീട് തരപ്പെടുത്തിയെങ്കിലും നാട്ടുകാർ എതിർത്തു.
ക്വാറന്റൈൻ സൗകര്യം ഒരുക്കാതെ പഞ്ചായത്തുകളും കൈമലർത്തിയതോടെ സംഘം മണിക്കൂറുകളോളം ആംബുലൻസിൽ റോഡിൽ കഴിയേണ്ടിവന്നു. തുടർന്ന് പഞ്ചായത്തിന്റെ കോട്ടയം അതിർത്തിയിലുള്ള പമ്പാവാലിയിൽ ഒരു ലോഡ്ജ് തരപ്പെടുത്താമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. എന്നാൽ പ്രായമായ ഹൃദയ സംബന്ധമായ രോഗി സംഘത്തിലുള്ളതിനാൽ, അൻപതിൽ കൂടുതൽ കിലോമീറ്റർ ദൂരം ഉള്ളതിനാലും, ആശുപത്രി സൗകര്യങ്ങൾ കുറവുള്ളതിനാലും ഇവിടേയ്ക്ക് പോകാൻ സംഘം മടിച്ചു.
പിന്നീട് പഞ്ചായത്തംഗം രാധാ പ്രസന്നൻ ഇടപെട്ട് താൽക്കാലികമായി മാമ്പാറയിലുള്ള ഒരു വീട് തയ്യാറാക്കി നൽകുകയായിരുന്നു. എന്നാൽ നാട്ടിലെത്തിയവർക്ക് താമസിക്കാൻ പഞ്ചായത്ത് സൗകര്യം ഉറപ്പാക്കിയെന്നും, നാട്ടുകാരാണ് എതിർത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. പെരുനാട് പഞ്ചായത്തിന്റെ നിഷേധാത്മക നടപടിയിൽ ക്വാറന്റൈനിലുള്ളവരും ബന്ധുക്കളും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: