ലഖ്നൗ : ലോക്ഡൗണ്‍ ലംഘിച്ച് ഉത്തര്‍ പ്രദേശില്‍ പ്രതിഷേധം നടത്തിയ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അറസ്റ്റില്‍. അജയ് കുമാര്‍ ലല്ലുവാണ് അറസ്റ്റിലായത്. ആഗ്രയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രകടനം നടത്തിയത്. പ്രിയങ്ക വാദ്രയും ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഇവര്‍ കൂട്ടം കൂടി നിന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇതോടെ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചതിന് പ്രിയങ്ക, ഇവരുടെ പേഴ്സണല്‍ സെക്രട്ടറി സന്ദീപ് സിങ്, അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ആഗ്ര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്ര സീനിയര്‍ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269 എന്നിവ പ്രകാരവും പകര്‍ച്ച വ്യാധി നിയമ പ്രകാരവുമാണ് ലല്ലുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: