കോവിഡ് 19 ലെ സാമ്പത്തിക ആഘാതം അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത്(സ്വയം പര്യാപ്ത ഭാരതം) പാക്കേജ് കേരളത്തിന് കിട്ടിയ അമൂല്യമായ സാമ്പത്തിക ഖനിയാണ്. ഇക്കാര്യം തുറന്ന് സമ്മതിച്ചാല്‍ കേരള രാഷ്‌ട്രീയ രംഗം തന്നെ മാറിമറിയുമെന്ന് നന്നായി അറിയാവുന്നതിനാലാണ്, എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ കേന്ദ്രത്തിനെതിരെ പതിവു കുപ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പകല്‍ പോലെ വ്യക്തമായ ഈ പാക്കേജിനെ പഴമുറം കൊണ്ട് മറച്ചുപിടിക്കാനാണ് കേരളത്തിന്റെ കൃഷിമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് കേരളത്തിലെ കര്‍ഷക സമൂഹത്തിനും
സംസ്ഥാനത്തിനും കനത്ത ക്ഷീണം ആയിരിക്കും സമ്മാനിക്കുക. പ്രഖ്യാപനം പൂര്‍ത്തിയാകും മുമ്പേ നുണ പ്രചാരണം തുടങ്ങി. പാക്കേജ് വെറും തട്ടിപ്പാണെന്നും പാവപ്പെട്ടവന്റെ കയ്യില്‍ നേരിട്ടു പണമെത്തുന്ന ഒന്നും അതിലില്ലെന്നും പദ്ധതികളുടെ പണം കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നുമൊക്കെയാണു പ്രചാരണം. പക്ഷേ, കിട്ടുന്ന പണം അര്‍ഹരിലെത്തിക്കാന്‍ സര്‍ക്കാരിനു താത്പര്യവും സംവിധാനവുമില്ലെന്നതാണ് സത്യം.
കയ്യെത്തും ദൂരെ 8000 കോടി
മനസ്സുവച്ചാല്‍ ഈ പാക്കേജ് വഴി എണ്ണായിരത്തിലേറെ കോടി രൂപ അടുത്ത 30 ദിവസത്തിനുള്ളില്‍ പാവപ്പെട്ടവന്റെ കയ്യില്‍ എത്തിക്കാന്‍ കഴിയും. അതിനു കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സജ്ജമാക്കാന്‍ കേരളം തയ്യാറായാല്‍ മതി. വിശദീകരിക്കാം:
കാര്‍ഷിക സംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, കര്‍ഷക സംരംഭങ്ങള്‍ എന്നിവ വഴി ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യും എന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. റബ്ബര്‍, നെല്ല്, പശു, തെങ്ങ്, കവുങ്ങ്, വാഴ, മത്സ്യം തുടങ്ങി കള്ള് ചെത്തുന്ന പനയ്‌ക്ക് വരെ സൊസൈറ്റികളുള്ള സംസ്ഥാനമാണ് കേരളം. ഇത്തരം സൊസൈറ്റികളിലേക്ക് കേന്ദ്ര പാക്കേജിന്റെ പണം എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകരുടെ അപേക്ഷകള്‍ സ്വീകരിച്ചു തയ്യാറാക്കുക. അത് ചെയ്യാന്‍ തയ്യാറായ സംസ്ഥാനങ്ങള്‍ക്ക് ആദ്യം പണം ലഭിക്കും. ആ സാമാന്യബോധവും ജാഗ്രതയും കേരളം പ്രകടിപ്പിക്കുമോ? അതല്ലാതെ, പണമെല്ലാം ഞങ്ങളെ ഏല്‍പ്പിക്കുക, ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊള്ളാം എന്ന് പറഞ്ഞാല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം പോലെയാവും എന്ന് അനുഭവിച്ചറിഞ്ഞ കേന്ദ്രം തയ്യാറാവണമെന്നില്ല. അതുകൊണ്ടാണ് ദേശീയനയം എന്ന രീതിയില്‍ സഹകരണസംഘങ്ങളും, കര്‍ഷക സംരംഭങ്ങളും വഴി പണം കര്‍ഷകരില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ക്രമീകരണങ്ങള്‍ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ 8000-ല്‍ അധികം കോടി രൂപ കേരളത്തിലെ ദരിദ്ര കര്‍ഷകരുടെ കയ്യിലെത്തും.
വാഴയുടെ ഉദാഹരണം
ഇപ്പോള്‍ സംസ്ഥാന വ്യാപകമായി കാറ്റുമൂലം വാഴക്കൃഷി നശിക്കുന്നുണ്ടല്ലോ. കേന്ദ്ര പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് എടുത്തിരുന്നെങ്കില്‍ വാഴ ഒന്നിന് 300 രൂപ നഷ്ടപരിഹാരം കര്‍ഷകനു ലഭിക്കുമായിരുന്നു. പക്ഷേ കേന്ദ്രത്തിന്റെ ഫസല്‍ ബീമാ യോജന കേരളത്തില്‍ നടപ്പാക്കില്ല എന്ന സര്‍ക്കാരിന്റെ പിടിവാശി മൂലം കേരളത്തില്‍ എത്ര കോടി രൂപയുടെ നഷ്ടമാണ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്! വാഴകൃഷി നശിച്ചാല്‍ അഞ്ചു രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കഴിയുക എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ കൃഷിമന്ത്രി പറഞ്ഞതുകൂടി ഓര്‍ക്കണം.
ഉടന്‍ കിട്ടും 40,000 കോടി
തൊഴിലുറപ്പ് പദ്ധതികള്‍ക്കായി കേന്ദ്രം 40,000 കോടി രൂപ കൂടി നല്‍കുമ്പോള്‍ അത് ഉടന്‍ തന്നെ തൊഴിലാളികള്‍ക്കും ലഭിക്കും. ഇന്ന് സംസ്ഥാനത്തുള്ള രണ്ടരലക്ഷം തൊഴിലുറപ്പുകാര്‍ക്ക് പുറമേ രണ്ടു ലക്ഷം പേര്‍ക്കു കൂടി ഈ രംഗത്തേക്ക് കടന്നു വരാനും പണം വാങ്ങാനും കഴിയും. പതിമൂന്നര കോടി രൂപ പ്രതിദിനം കേരളത്തിലെ തൊഴിലുറപ്പുകാര്‍ക്ക് കിട്ടുന്ന പദ്ധതിയാണ് കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പുതുതായി രണ്ട് ലക്ഷം പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടു പണം സ്വീകരിക്കാനുള്ള ഒരു പദ്ധതിയും കേരള സര്‍ക്കാരിന് ഇല്ലെന്നതാണ് കഷ്ടം.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
ഒരു കര്‍ഷകന് 1,60,000 രൂപ വരെ ഈടില്ലാതെ 2 ശതമാനം മുതല്‍ 9 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. സഹകരണ ബാങ്ക് മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരെ എല്ലാ ബാങ്കിനും
ഈ ലോണ്‍ നല്‍കാം. എന്നിരിക്കിലും കേരളത്തിലെ ബാങ്കുകളിലെ 90 ശതമാനം ജീവനക്കാരും സിപിഎം-കോണ്‍ഗ്രസ് യൂണിയനില്‍ പെട്ടവരാകയാല്‍ അന്ധമായ കേന്ദ്ര വിരുദ്ധ നിലപാടുകള്‍ മൂലം കെസിസി( കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്)യെ ജനങ്ങളില്‍ എത്തിക്കുന്നില്ല.
കിസാന്‍ സമ്മാന്‍ നിധി
കിസാന്‍സമ്മാന്‍ നിധി തട്ടിപ്പാണ് എന്നായിരുന്നു കേരളത്തിലെ പ്രചരണം. പല കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അപേക്ഷകരെ ഭയപ്പെടുത്തി നിരുത്സാഹപ്പെടുത്തി. കോമണ്‍ സര്‍വീസ് സെന്ററുകളെ ചുമതലപ്പെടുത്തിയ ശേഷം രജിസ്റ്റര്‍ ചെയ്ത അപേക്ഷ കൃഷിഭവനില്‍ അപ്
ലോഡ് ചെയ്യാന്‍ ചെല്ലുന്ന സമയത്തും ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. കൃഷിഭൂമിയുടെ കുറഞ്ഞ വിസ്തീര്‍ണ്ണം കൂടിയ വിസ്തീര്‍ണ്ണം എന്നിവ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഭൂമിയ്‌ക്ക് പരിധി നിശ്ചയിച്ചു കര്‍ഷകരെ അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഇതിന് ഇരു മുന്നണികളും മൗനാനുവാദം നല്‍കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് 19ന്റെ ആക്രമണമുണ്ടായതും മറ്റെല്ലാ മേഖലയും പോലെ കാര്‍ഷിക മേഖലയും കഷ്ടത്തിലായതും. 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ പ്രധാന ലക്ഷ്യം പാവപ്പെട്ട കര്‍ഷകനെ കടക്കെണിയില്‍ വീഴാതെ രക്ഷിക്കുക എന്നതായിരുന്നു.
സത്യം ഇതാണ്
മൂന്നു കോടി കര്‍ഷകര്‍ക്ക് ഉടനടി പണം നല്‍കാന്‍ 25 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്‍കാനായി 30,000 കോടി രൂപ നീക്കിവച്ചിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് 10,000 രൂപ വീതം വായ്പ ഉടന്‍ നല്‍കാനായി 5000 കോടി രൂപ അനുവദിച്ചു.
ആദിവാസികള്‍ക്ക് 6000 കോടിയുടെ കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി ഫണ്ട് (സിഎഎംപിഎ) ആണ് അനുവദിച്ചത്. ഈ ഫണ്ടുപയോഗിച്ച് ആദിവാസികള്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉടനടി തൊഴില്‍ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞു.
(അവസാനിക്കുന്നില്ല)
അഡ്വ. എസ്. ജയസൂര്യന്‍
(കിസാന്‍ മോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
70254 01110
പ്രതികരിക്കാൻ ഇവിടെ എഴുതുക: