ഗ്രന്ഥത്തിലെ പേജുകള്‍ പോലെ കൂട്ടികെട്ടിയത് ഗ്രന്ഥി. കെട്ടുപൊട്ടിച്ച് വേര്‍തിരിക്കുന്നത് ഗ്രന്ഥിഭേദനം. മസ്തിഷ്കത്തിലുള്ളതും, നാഡീതന്തുക്കള്വഴി എത്തുന്നതുമായ വിവരങ്ങളെ കൂട്ടിക്കെട്ടിയതാണ് മസ്തിഷ്കഗ്രന്ഥി. രണ്ടും വേര്‍തിരിച്ചെടുത്ത് പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു.
വിവേകം അഥവാ വേര്‍തിരിവാണ് ഭാരതീയജ്ഞാനശാസ്ത്രങ്ങളുടെ മുഖമുദ്ര. സാംഖ്യദര്‍ശനം തന്നെ വകതിരിവിന്റെ ദര്‍ശനമാണ്. ഒന്നിനെ രണ്ടായി വേര്‍തിരിച്ചു പഠിച്ചറിഞ്ഞ് രണ്ടല്ലെന്ന് ബോധിക്കുന്നതാണ് അദൈ്വതദര്‍ശനം. ദ്വന്ദങ്ങളെ കൂട്ടിക്കലര്‍ത്താതിരിക്കുന്നത് വിവേകം. ആശയവിനിമയത്തില്‍ വേണ്ട യുക്തിയാണ് ന്യായദര്‍ശനം. ഒന്നും മറ്റൊന്നിന് എതിരല്ല. ഏതു കീറാമുട്ടിപ്രശ്നങ്ങളെയും പ്രസ്തുത ശാസ്ത്രങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകും.
ശാസ്ത്രപഠനത്തില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഭക്തിയുടെയും പ്രവൃത്തിയുടെയും ജീവിതഗന്ധികളായ മാര്‍ഗ്ഗങ്ങള്‍ വേറെയുമുണ്ട്. ഭാരതീയദര്‍ശനങ്ങളില്‍ കാഴ്ചയും കാഴ്ചക്കാരനും തമ്മിലും, കാഴ്ചയില്‍ത്തന്നെ അഞ്ച് ആവരണങ്ങള്‍ തമ്മിലും, കാഴ്ചക്കാരന്റെ അവസ്ഥാത്രയങ്ങള്‍ തമ്മിലുമുള്ള വിവേകങ്ങള്‍ പ്രസിദ്ധങ്ങളും പ്രധാനങ്ങളുമാണ്. ഹോമോസാപ്പിയന്‍സ് (വിവേകശാലി) എന്ന് പാശ്ചാത്യന്‍ സ്വയം പേര് വിളിച്ചതുകൊണ്ടുമാത്രം അങ്ങനെ ആകില്ല. അതിനുവേണ്ട സംസ്കാരങ്ങളുടെ പാരമ്പര്യം കൂടി വേണം.
മനുഷ്യനെ മനുഷ്യനാക്കുന്നതും ഇകഴ്ത്തുന്നതും ഉയര്‍ത്തുന്നതും, പരമഗതിക്കു പ്രാപ്തനാക്കുന്നതും അവന്റെ ഉത്തമാംഗമായ മസ്തിഷ്കം തന്നെ. അവന് കുടുങ്ങിക്കിടക്കുന്നതും ആ മസ്തിഷ്കഗ്രന്ഥിയില്ത്തന്നെ. മസ്തിഷ്കത്തിന്റെ പരിമിതികളെ ഭേദിക്കേണ്ടതും മസ്തിഷ്കധര്മ്മമായ വിവേകം കൊണ്ടുതന്നെ.
പ്രാഥമികസത്തയായ ബ്രഹ്മത്തിനു നാശമില്ല. ബ്രഹ്മത്തിന്റെ അനന്തരവികാസങ്ങള് (വിവര്‍ത്തങ്ങള്‍) തിരിച്ചും മറിച്ചും പലപല കാലപ്രമാണങ്ങളില്‍ ചുരുങ്ങുകയും വീണ്ടും വികസിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ വന്നും പൊയ്ക്കൊണ്ടുമിരിക്കും. എന്തിനും പോരുന്നവനെന്ന് സ്വയം അഭിമാനിക്കുന്ന ആധുനികശാസ്ത്രജ്ഞനു പോലും അതിന്റെ ഭാഗമാകാനെ കഴിയൂ.
വിവേകം കൊണ്ട് മനുഷ്യന് നന്നാവുന്നത് മനുഷ്യനുതന്നെ നല്ലത്. അല്ലെങ്കില്‍ എല്ലാ അമംഗങ്ങളെയും തുടച്ചുനീക്കുന്ന ശിവഭൂതങ്ങള്‍ ഇടപെട്ടിരിക്കും. മസ്തിഷ്കഭേദനം സംഹാരശിവന്റെ പരശു(കോടാലി)കൊണ്ടുവേണോ, അതോ ശാസ്ത്രോക്തമായ വിവേകം കൊണ്ടുവേണോ എന്നു നമുക്കുതന്നെ തീരുമാനിക്കാം. അണുബോംബ് ഉണ്ടാക്കിച്ച് നമ്മളെത്തന്നെ കോടാലികളാക്കുന്നത് ശിവപ്പെരുമാളുടെ രീതിയും നീതിയുമെന്ന് തിരിച്ചറിയുക. സിദ്ധികള്‍ക്കൊപ്പം വിവേകം കൂടി വളരാത്തതാണ് ആധുനികലോകത്തിന്റെ ദുരന്തം.
മനുഷ്യമസ്തിഷ്കം ഇന്ദ്രിയാനുഭവങ്ങളില്‍ നിന്ന് മെനഞ്ഞെടുത്ത ലോകവും, സ്വയം പരികല്പന ചെയ്തുണ്ടാക്കിയെടുത്ത അസംഖ്യം ലോകങ്ങളും ആ മസ്തിഷ്കത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ആദ്യത്തേതാണ് ആധുനികശാസ്ത്രത്തിലെ ന്യൂട്ടന്റെ പരീക്ഷണശാലകളുടെ ലോകം. അസംഖ്യം പരികല്പനകളുടെ ലോകങ്ങളില്‍ ഒന്നേയൊന്നുമാത്രമെ ശിവപ്പെരുമാളുടെ യഥാര്‍ത്ഥ ലോകമായിട്ടുള്ളു. മറ്റുള്ളവയെല്ലാം അതിന്മേല് മനുഷ്യമസ്തിഷ്കങ്ങള്‍ വ്യക്തിപരമായ കെട്ടിവെച്ച വ്യാമിശ്ര വ്യാഖ്യാനങ്ങള്‍ മാത്രം. യഥാര്‍ത്ഥ ലോകത്തെത്താനുള്ള ആരുടെയും ശ്രമം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെ എത്തിയെന്നു കരുതുന്നത് വ്യാമോഹം മാത്രം.
സിദ്ധികളിലുള്ള അഹംകാരമാണ് ആധുനികശാസ്ത്രത്തിന്റെ വഴിമുടക്കുന്നത്. അഹങ്കാരം നീങ്ങുമ്പോഴെ ആ ശാസ്ത്രത്തിന് ഭാരതത്തിന്റെ ശിവലോകദര്ശനവും ശിവപ്രാപ്തിയും സാധ്യമാവുകയുള്ളു. ഉമാസഹിതമഹേശ്വരന്തന്നെ വിവേകം നല്കി അനുഗ്രഹിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: