തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയിരുന്ന വഞ്ചിയൂരിലെ ജില്ലാ കോടതികള്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മാസക്കാലമായി അടഞ്ഞുകിടന്ന കോടതിഹാളില്‍ ന്യായാധിപര്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ സന്നിഹിതരായതോടെ ലോക് ഡൗണിന്റെ ആശങ്കയ്ക്ക് വിരാമമായി.
സാമൂഹിക അകലം പാലിച്ചാണ് കോടതി നടപടി പൂര്‍ത്തീകരിച്ചത്. ഓഫീസില്‍ ഹാജര്‍നില പൂര്‍ണമായിരുന്നു. ഒരു കോടതി ഹാളില്‍ ഒരു സമയം ന്യായാധിപന്, ബെഞ്ച് ക്ലാര്‍ക്ക്, ശിപായി, അഭിഭാഷകര്‍ ആറു പേര് എന്നീ ക്രമത്തിലാണ് കോടതികള്‍ പ്രവര്‍ത്തിച്ചത്. ആറ് അഭിഭാഷകരുടെ കേസ് നടപടി പൂര്‍ത്തികരിച്ചശേഷം അടുത്ത ആറ് അഭിഭാഷകരുടെ കേസ് പരിഗണിച്ചു. വിളിക്കുന്ന കേസുകളുടെ ലിസ്റ്റ്, സമയം എന്നിവ ഹാളിനുപുറത്ത് എഴുതി ഒട്ടിച്ചിരുന്നു. അതിനാല്‍ തിക്കും തിരക്കും ഒഴിവാക്കാനായി.
മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍, റിമാന്‍ഡ് തടവുകാരുടെ ജാമ്യ ഹര്‍ജികള്‍ എന്നിവയാണ് ഇന്നലെ പരിഗണിച്ചത്. സബ് കോടതികള്‍, മുന്‍സിഫ് കോടതികള്‍ എന്നിവ സാക്ഷി വിസ്താരത്തിനായി മുന്‍കൂട്ടി തീരുമാനിച്ച ലിസ്റ്റ് കേസുകള്‍ മാത്രമാണ് പരിഗണനയ്ക്കെടുത്തത്. ചെക്ക് കേസുകളുടെ വിചാരണയ്ക്കായി രൂപീകരിച്ച പന്ത്രണ്ടാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 2014 വര്‍ഷത്തിലെ കേസുകള്‍ മാത്രമാണ് ഇന്നലെ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: