കോഴിക്കോട്: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ജില്ലയില്‍ തുടക്കമായി. പകുതിയില്‍ താഴെ അദ്ധ്യാപകര്‍ മാത്രമാണ് ഇന്നലെ മൂല്യനിര്‍ണയത്തിനായി എത്തിയത്. ശരാശരി 45 % അദ്ധ്യാപകര്‍.
ചാലപ്പുറം ഗവ.ഗണപത് ബോയ്സ് എച്ച്എസ്എസ്, കൊയിലാണ്ടി ഗവ. ബോയ്സ് വിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയക്യാമ്പുകള്‍ നടക്കുന്നത്. വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ച മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ക്ലാസ് റൂമില്‍ ഒരു ചീഫ് എക്സാമിനറും 10 അസിസ്റ്റന്റ് എക്സാമിനര്‍മാരുമാണുള്ളത്.
ചാലപ്പുറം ഗവ.ഗണപത് ബോയ്സ് എച്ച്എസ്എസ്സില്‍ മലയാളം ഉത്തരക്കടലാസുകളുടെയും കൊയിലാണ്ടി ഗവ. ബോയ്സ് വിഎച്ച്എസ്എസ്സില്‍ ഇംഗ്ലീഷ്, സ്പെഷല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ഇംഗ്ലീഷ് എന്നീ ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണയമാണ് നടക്കുന്നത്.
ഗവ.ഗണപത് ബോയ്സ് സ്കൂളില്‍ 16 ചീഫ് എക്സാമിനര്‍മാര്‍ എത്തേണ്ടിടത്ത് രാവിലെ അഞ്ചു പേര് മാത്രമാണ് എത്തിയത്. ഉച്ചയോടെയാണ് മറ്റു മൂന്നു പേര് എത്തിയത്. എട്ടു ചീഫ് എക്സാമിനര്‍മാരും 74 അസിസ്റ്റന്റ് എക്സാമിനര്‍മാരും അടക്കം 82 പേരാണ് ഗണപത് സ്കൂളില്‍ എത്തിയത്.
വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടു പേര് മാത്രമാണ് ജില്ലയ്ക്കു പുറത്തു നിന്ന് എത്തിയത്. കോഴിക്കോട് ജില്ലയിലെ താമസക്കാരായ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന രണ്ടു പേരും ക്യാമ്പിലെത്തി. ഇവര്‍ക്ക് ഡ്യൂട്ടി മറ്റ് ജില്ലയിലാണെങ്കിലും അടുത്ത ക്യാമ്പിലെത്തി മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ എത്തിയത്.
കൊയിലാണ്ടിയിലും അദ്ധ്യാപകരുടെ എണ്ണം പകുതിയില്‍ താഴെ ആയിരുന്നു. ഗവ. ബോയ്സ് വിഎച്ച്എസ്എസ്സിലെ ക്യാമ്പില്‍ ആകെ 63 പേരാണ് എത്തിയത്. ചീഫ് എക്സാമിനര്‍മാരും, അസിസ്റ്റന്റ് എക്സാ മിനര്മാരും അടക്കമാണിത്. ആകെ 157 പേരാണ് ഇവിടെ എത്തേണ്ടിയിരുന്നത്. കോഴിക്കോടിനുപുറമെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് കോഴിക്കോട്ടെ ക്യാമ്പില്‍ എത്തേണ്ടത്.
പൊതുവാഹന സൗകര്യമില്ലാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ജില്ലയ്ക്ക് പുറത്തുള്ള അദ്ധ്യാപകരും ജില്ലയിലെ ഉള്‍പ്രദേശങ്ങളിലുള്ള അദ്ധ്യാപകരും ക്യാമ്പിന്റെ ചുമതലയുള്ള അദ്ധ്യാപകരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തുള്ള ക്യാമ്പുകളില്‍ എത്തേണ്ട അദ്ധ്യാപകരില്‍ മിക്കവര്‍ക്കും പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ പോകാനായിട്ടില്ല.
സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിര്‍ണയം. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ നോര്‍ത്ത് സോണിലാണ്. നാലു ജില്ലകള്‍ക്കുമായി വിവിധ വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് ഒന്നോ രണ്ടോ കേന്ദ്രങ്ങളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: