അടിമാലി: കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുവാനുള്ള അയല്‍ സംസ്ഥാന തൊഴിലാളികളുടെ നീക്കം അടിമാലിയില്‍ പോലീസ് തടഞ്ഞു.തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്‍പതോളം വരുന്ന അയല്‍ സംസ്ഥാനതൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിച്ച് സ്വദേശത്തേക്ക് മടങ്ങുവാന്‍ അടിമാലി ടൗണില്‍ എത്തിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ദേശിയപാതയിലൂടെ സഞ്ചാരമാരംഭിച്ചതോടെ വിവരം അടിമാലി പോലീസ് അറിഞ്ഞു. തുടര്‍ന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളെ തിരികെ താമസസ്ഥലത്തെത്തിച്ചു.
ലോക്ക് ഡൗണിന്റെ ആദ്യനാളുകളില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളില്‍ പഞ്ചായത്ത് ക്രമീകരിച്ചിരുന്ന ക്യാമ്പിലായിരുന്നു ഈ തൊഴിലാളികള്‍ കഴിഞ്ഞ വന്നിരുന്നത്. സാമൂഹ്യ അടുക്കള വഴി ഇവര്‍ക്ക് ഭക്ഷണവും എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പഞ്ചായത്ത് ഭക്ഷണ വിതരണം അവസാനിപ്പിക്കുകയും മുമ്പ് താമസിച്ചിരുന്നിടത്തേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ ജോലി ഇല്ലെന്നും താമസത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ നിലവിലെ രീതികളും തയ്യാറെടുപ്പുകളും തൊഴിലാളികള്‍ നടത്തിയിട്ടില്ലെന്നും ഇക്കാരണത്താല്‍ യാത്രാനുമതി നല്‍കാനാവില്ലെന്നുമാണ് പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: