ന്യൂദല്‍ഹി: കൊറോണ മഹാമാരിയില്‍ നിന്ന് ഇതുവരെ പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ജീവിതരീതി സ്വീകരിക്കണമെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. വൈറസിനോടൊപ്പം സാധാരണ ജീവിതം നയിക്കുന്നതിന് 12 നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. നാലാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വെങ്കയ്യയുടെ നിര്‍ദേശം.
പ്രകൃതിയോടും സഹജീവികളോടും സഹവര്‍ത്തിത്വത്തില്‍ കഴിയുക, ജീവിതഭദ്രതയും സുരക്ഷിതത്വവും പരസ്പരബന്ധിതമാണെന്ന് തിരിച്ചറിയുക, നമ്മുടെ ഓരോ പ്രവൃത്തിയും യാത്രയും വൈറസ് വ്യാപനത്തിന് ഇടയാകുന്നുണ്ടോയെന്ന് ആലോചിക്കുക, സാഹചര്യത്തോട് ആവേശത്തോടെ ഉടനടി പ്രതികരിക്കാതെ ശാസ്ത്രത്തില്‍ വിശ്വസിച്ച് ഈ മഹാമാരിക്ക് പരിഹാരമുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ ജീവിക്കുക, ഇതുവരെ സ്വീകരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ (മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ശുചിത്വം ഉറപ്പാക്കല്‍) എന്നിവ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവുക, വൈറസ് വാഹകരെന്ന പേരില്‍ സഹജീവികളോടുള്ള അസഹിഷ്ണുതയും മുന്‍ധാരണയും ഒഴിവാക്കുക, നിസഹായത എന്ന വികാരം മാറ്റിവച്ച് പരസ്പര സഹകരണത്തോടെ പോരാടുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കൊറോണയെ ദുരന്തമായി ചിത്രീകരിക്കുന്നതിനു പകരം വൈറസിനെപ്പറ്റി ആധികാരികവും ശാസ്ത്രീയവുമായ വിവരങ്ങള്‍ നല്‍കാനാണ് എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതെന്നും വെങ്കയ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: