തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന് തുണയായി. ഗുജറാത്തിലെ ദി മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബഡോദരയില്‍ പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ് പ്രത്യേക ബസില്‍ ഞായറാഴ്ച കേരളത്തിലെത്തിയത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 27 വിദ്യാര്‍ത്ഥികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ അനാസ്ഥമൂലം കുടുങ്ങിയത്. വിദ്യാര്‍ത്ഥികളിലൊരാളുടെ ബന്ധു എസ്എന്‍ഡിപി യോഗം സൈബര്‍ സേന സംസ്ഥാന കണ്‍വീനര്‍ സുധീര്‍ കുമാര്‍ ഗിരീഷ് രാജനുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച കേരള നേതൃത്വവുമായി ബന്ധപ്പെട്ടതോടെയാണ് ഇവര്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. ഗുജറാത്ത് ബിജെപി നേതൃത്വവും അദൈ്വത ഗുരുകുല ചെയര്മാന് ആര്.കെ. നായരും നേരിട്ട് ഇടപെട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള യാത്ര പാസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
മഹിള മോര്‍ച്ച ഗുജറാത്ത് മണിനഗര്‍ നിയമസഭാ മണ്ഡലം പ്രഭാരി ഷീല വാസു, മുന്‍ ഗുജറാത്ത് മന്ത്രിയും നിലവിലെ ബിജെപി വഡോദര ജില്ലാ പ്രസിഡന്റുമായ ഭൂപേന്ദ്ര ലഖാവാല, ജിതിന് ലാല്‍.എസ്. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ഗുജറാത്ത് റവന്യൂ മന്ത്രി കൗശിക്ക് പട്ടേലിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാണ് യാത്രയ്ക്ക് ആവശ്യമായ പാസും മറ്റ് സൗകര്യങ്ങളുമൊരുക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസും ഇവര്‍ക്ക് വേണ്ട സഹായങ്ങളൊരുക്കി.
ഡോ. നാട്ടുവള്ളി ജയചന്ദ്രന്, അയ്യപ്പ സേവാസമാജം ഗുജറാത്ത് സെക്രട്ടറി എസ്.ബി. നായര്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവരും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ചെയ്തു. ശനിയാഴ്ച പുറപ്പെട്ട യാത്രയിലുടനീളം ഇവര്‍ക്കായുള്ള ഭക്ഷണമടക്കമുള്ള സൗകര്യങ്ങളും യുവമോര്‍ച്ച ഒരുക്കി.
മറ്റ് സംസ്ഥാനങ്ങളുടെ പാസും പ്രത്യേകം ബസും ദിവസങ്ങള്‍ക്ക് മുമ്പേ തയാറായിരുന്നുവങ്കിലും കേരളത്തിലേക്ക് കടക്കുന്നതിനായുള്ള പാസ് ലഭിക്കാന്‍ വന്ന കാലതാമസമാണ് മിഷന് ആരംഭിക്കാന്‍ വൈകിയതെന്ന് മിഷന് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന ജിതിന്‍ലാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ വരെ ബന്ധപ്പെട്ടെങ്കിലും പാസ് ലഭിച്ചില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടാണ് ഒടുവില്‍ കേരളത്തിലേക്ക് കടക്കാനുള്ള പാസ് ലഭിച്ചത്. ഉടനെ യുവമോര്‍ച്ച കേരള നേതൃത്വമായി ബന്ധപ്പെട്ട് മിഷന് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ എല്ലാ യാത്രചെലവും വഹിക്കുന്നത് വന്ദേ ഭാരത് മിഷന് ഗുജറാത്തും അദൈ്വത ഗുരുകുല ചെയര്മാന് ആര്.കെ. നായരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: