തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം ഒഴിവാക്കിയത് കേരളത്തിന്റെ ഭരണസ്തംഭനം. വായ്പാപരിധി മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന് സ്ഥിരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് കേരളമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. എന്തിനും കേന്ദ്രത്തെ കുറ്റം മാത്രം പറയുന്ന ധനകാര്യമന്ത്രി തോമസ് ഐസക്കുപോലും കേന്ദ്ര നടപടിയെ സ്വാഗതം ചെയ്തതില്‍ത്തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തുണ്ടാകുന്ന വരുമാന ഇടിവ് ഒരു പരിധിവരെ നികത്താന്‍ വായ്പാപരിധി ഉയര്‍ത്തല്‍ സഹായിക്കും. ഇതോടെ 18,000 കോടിയിലധികം രൂപ കൂടി കേരളത്തിന് വായ്പയെടുക്കാനാകും. കൊറോണ വ്യാപനം തുടങ്ങിയ ഉടന്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മേനി നടിക്കാന്‍ കേരളം ശ്രമിച്ചിരുന്നു. ലോട്ടറി, മദ്യം എന്നീ പ്രധാന വരുമാന ശ്രോതസ്സുകള്‍ അടഞ്ഞതോടെ പാക്കേജിനെക്കുറിച്ച് ചിന്തിക്കാനേ കഴിയാതെയായി. ഇനി വായ്പ എടുത്തെങ്കിലും എന്തൊക്കെയെങ്കിലും ചെയ്യാനാകും.
ഇതില്‍ ഉയര്‍ത്തലില്‍ മാത്രമല്ല കേന്ദ്രത്തിന്റെ സഹായം കേരളത്തിന് കിട്ടിയത്. സംസ്ഥാനങ്ങള്‍ക്കുള്ള വരുമാനക്കമ്മി സഹായമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ വിതരണം ചെയ്ത 12,390 കോടിയില്‍ കൂടുതല്‍ കിട്ടിയതും കേരളത്തിനാണ്. 2,500 കോടിയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് 60 ശതമാനമായി ഉയര്‍ത്തി. തുടര്‍ച്ചയായ ഓവര്‍ഡ്രാഫ്ട് കാലാവധി 14ല്‍ നിന്ന് 21 ദിവസമാക്കി. ഒരു ക്വാര്‍ട്ടറില്‍ സംസ്ഥാനങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റില്‍ തുടരാന്‍ കഴിയുന്ന കാലാവധി 32ല്‍ നിന്ന് 50 ദിവസമാക്കിയും ഉയര്‍ത്തി. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് ആഭ്യന്തര മന്ത്രാലയവും കൊറോണ പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യമന്ത്രാലയവും അനുവദിച്ച പണത്തിന്റെ നല്ല വിഹിതവും കേരളത്തിനു കിട്ടി.
ഇതിനു പുറമെ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് 2500 കോടിയുടെ വായ്പയും അനുവദിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കാനാകും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റിലെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന് ഐസക് പറഞ്ഞിരുന്നു. അനാവശ്യ ചെലവുകളെല്ലാം കുറയ്ക്കുകയും പദ്ധതികള്‍ പുന:പരിശോധിക്കുകയും ചെയ്യുമെന്നും പുതിയ ബജറ്റ് വേണമോ എന്ന് ആലോചിക്കുന്നുണ്ടെന്നും വരെ ധനമന്ത്രി പറഞ്ഞു
സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്ത വരുമാനത്തില്‍ 40 ശതമാനത്തോളം കുറവാണ് കൊറോണയെ തുടര്‍ന്നുണ്ടാകുന്നത്. ജിഎസ്ടിയില്‍ മാത്രം 19816 കോടിയുടെ നഷ്ടം. റവന്യൂ കമ്മി 4.18 ആയും ധനകമ്മി 5.9 ശതമാനമായും ഉയരും. സാമ്പത്തിക വളര്‍ച്ച നെഗറ്റീവ് 2.9 ആകും. കേരളം സാധാരണ നിലയിലേക്കെത്താന്‍ മൂന്ന് മാസമെടുക്കുമെങ്കില് വരുമാന നഷ്ടം ഇതിലും കൂടുതലായിരിക്കും. ബജറ്റിലെ വരുമാനത്തിലുള്ള കുറവിന് അനുസരിച്ച് ചെലവുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. ഭീതികരമായ ഈ സാഹചര്യത്തിലാണ് ആശ്വാസമായി പലവിധത്തിലുള്ള കേന്ദ്രത്തിന്റെ കൈത്താങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: