മാന്നാർ: മുക്കംവാഴയിൽ ബണ്ടിന്റെ ഉയരക്കുറവു മൂലം പുത്തനാറിൽ നിന്നുള്ള വെള്ളം കുരട്ടിശ്ശേരി നാലു തോടു പുഞ്ചയിലേക്ക് കയറുന്നതിനാൽ വിളവ് കുറവാണെന്ന് പാടശേഖരസമിതി. അപ്പർ കുട്ടനാടൻ മേഖലയിലെ മറ്റു പാടശേഖരങ്ങളിൽ നവംബറിൽ കൃഷി തുടങ്ങിമെങ്കിലും നാലു തോടു പുഞ്ചയിൽ ഇത്തവണ ജനുവരി പകുതിയോടെയാണ് കൃഷി ആരംഭിച്ചത്. കൃഷി താമസിച്ചതിനാൽ തന്നെ ഇത്തവണ വിളവ് കുറവായിരുന്നു.
ബണ്ടിന്റെ ഉയരം കൂട്ടാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ബണ്ടിന്റെ ഉയരക്കുറവ് പരിഹരിച്ചാലെ കൃഷി നേരത്തെ ആരംഭിച്ചു വിളവ് ലാഭകരമാക്കാൻ സാധിക്കുകയുള്ളുയെന്നും പാടശേഖര സമിതി പ്രസിഡന്റ് ഹരി കിം കോട്ടേജ് പറഞ്ഞു.252 ഏക്കറിലായി 180 ഓളം കർഷകരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.
സാധാരണ കൃഷിയിൽ ഒരേക്കറിൽ നിന്നും ഇരുപതു മുതല്‍ മുപ്പതു വരെ ക്വിന്റൽ വിളവ് ഉണ്ടാവുമെങ്കിലും ഇത്തവണ ഒരു ഏക്കറിൽ നിന്നും അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്വിന്റല്‍ നെല്ലാണ് ഇവിടെ വിളവെടുത്തത്. കൂടാതെ മറ്റു പുഞ്ചകളിൽ വിളവെടുപ്പ് നേരത്തെ നടന്നതിനാൽ നാല്തോട് പുഞ്ചയിൽ ചാഴിയുടെ ശല്യം ഉണ്ടായത് വിളവ് കുറയാൻ കാരണമായി. മൊത്തക്കച്ചവടക്കാർ ഒരു ക്വിന്റലിൽ ഒരു കിലോ വീതം ഈർപ്പത്തിന്റെ അളവ് കുറച്ചാണ് നെല്ല് എടുക്കുന്നതെങ്കിലും കൊയ്ത്തു താമസിച്ചതിനാൽ ഇത്തവണ നെല്ല് അളന്നു തുടങ്ങിയപ്പോൾ നെല്ലില്‍ ഈർപ്പത്തിന്റെ അളവ് കൂടുതലായിരുന്നു. അതിനാൽ ഒരു ക്വിന്റലിൽ നാലു മുതൽ ആറു കിലോ വരെ കുറച്ചാണെടുത്തത്. അതിനാൽ ഇത്തവണ കൃഷിയിൽ വളരെ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് പാടശേഖര സമിതി അംഗം ചന്ദ്രൻ കണ്ണമ്പള്ളിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: