തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ മറപിടിച്ച് കേരളാ ഭാഷാ ഇന്സ്ടിട്യൂട്ടിൽ സഖാക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കം. ഡെപ്യൂട്ടേഷനില്‍ നിയമിച്ച പാര്ട്ടിപ്രവര്ത്തകരേയാണ് സ്ഥിരപ്പെടുത്താന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. കേരളം വൈറസിനെതിരെ ഒരുമിച്ച് പോരാടുമ്പോള്‍ പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള കത്ത് സെക്രട്ടറിയേറ്റിലേക്ക് അയച്ചിരിക്കുകയാണ്. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്റൂമിനെക്കാള് പ്രാധാന്യമാണ് ഈ കത്തിന് ലഭിച്ചിരിക്കുന്നത്. ഗസറ്റ് ഓഫീസര്‍മാരുടെ ഇടത് സംഘടനയായ സ്പാറ്റോ (എസ്പിഎടിഒ)യാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
ഭാഷാ ഇന്സ്ടിട്യൂട്ടിൽ റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ പുതിയതായി കൂടുതല്‍ സഖാക്കളെ തിരുകി കയറ്റാണുള്ള നീക്കം നടന്നു വരുകയാണ്. ഇതിനോടകം തന്നെ ഒമ്പതോളം പ്രൂഫ് റീഡര്‍മാരെ നിയമിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ കയറിപറ്റുന്നവര് ഓഫീസിൽ വരാറില്ല. ഓഫീസ് സമയത്തില്‍ യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ഇവര്‍ക്ക് 20000നു മുകളിലാണ് ശമ്പളം. ലോക്ഡൗണ്‍മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ പാര്‍ട്ടി അനുയായികളെ തിരുകികയറ്റി കൂടുതല്‍ ബാധ്യത സൃഷ്ടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന ജീവനക്കാരോട് ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികാര നടപടികളും സ്വീകരിക്കുന്നുണ്ട്.
കൊറോണ മാരിയെ പ്രതിരോധിക്കുന്നതിന് സാലറി ചലഞ്ചിലൂടെ 20 ശതമാനം ശമ്പളം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനകാരില്‍ നിന്നും പിടിക്കുന്നുണ്ട്. ഇതിന് പുറമെ എസ്പിഎടിഒ, സിഐടിയും തുടങ്ങിയ ഇടതുപക്ഷ സംഘടനകളും നിര്‍ബന്ധിത പിരിവ് നടത്തുകയാണ്. പിരിവ് നല്കാത്തവരെ സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിരത്തി ഭീഷണിപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: