ന്യൂദല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രകോപനപരമായി സംസാരിച്ച പാക് മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെയും അഫ്രീദിയെയും ജോക്കര്മാര് എന്നുവിളിച്ചാണ് ഗംഭീറിന്റെ മറുപടി. ബംഗ്ലാദേശിന്റെ കാര്യം ഓര്‍മ്മ വേണമെന്നും അഫ്രീദിയോട് ഗംഭീര്‍ പറഞ്ഞു.
20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികര്‍ പാകിസ്ഥാനുണ്ടെന്നാണ് 16കാരനായ അഫ്രീദിയുടെ അവകാശവാദം. കശ്മീരിനായി 70 വര്‍ഷമായി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാന് ഖാന്, ബജ്വ പോലുള്ള ജോക്കര്മാര്ക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാകിസ്ഥാനികളെ കബളിപ്പിക്കാനാകും. എന്നാല്‍, വിധി ദിവസം വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശിന്റെ കാര്യം ഓര്‍മ്മ വേണം’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് 1996ല്‍ നേടുമ്പോള്‍ തനിക്ക് 16 അല്ല, 19 ആയിരുന്നു പ്രായം എന്ന് ‘ഗെയിം ചേഞ്ചര്‍’ എന്ന പുസ്തകത്തില്‍ അഫ്രീദി വെളിപ്പെടുത്തിയിരുന്നു. പാക് മുന്‍ ഓള്‍റൗണ്ടര്‍ക്കുള്ള മറുപടിയില്‍ പതിനാറുകാരന് അഫ്രീദി എന്ന പ്രയോഗം ഗംഭീര്‍ നടത്തിയത് ഈ പശ്ചാത്തലത്തിലാണ്.
കഴിഞ്ഞ വാരം പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയത്. ‘ഞാന്‍ നിങ്ങളുടെ സുന്ദര ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ രോഗം മോദിയുടെ മനസിലുണ്ട്. പാകിസ്ഥാന്റെ ആകെ സൈനികരുടെ എണ്ണമായ ഏഴ് ലക്ഷം പട്ടാളക്കാരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. കശ്മീരികള്‍ പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്’ എന്നുമായിരുന്നു അഫ്രീദിയുടെ വിവാദ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: