മുംബൈ: ഇന്ത്യയുടെ മികച്ച പേസര്‍മാരുടെ നിരയിലാണ് മുന്‍ താരം അജിത് അഗാര്‍ക്കറുടെ സ്ഥാനം. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അഗാര്‍ക്കറിനെക്കുറിച്ച് ഉണ്ടായിരുന്ന് ഹൈപ്പ് ചെറുതൊന്നുമായിരുന്നില്ല. ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയാവാന്‍ പോവുന്നവന് എന്നായിരുന്നു കരിയറിന്റെ തുടക്കകാലത്ത് അഗാര്‍ക്കര്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതൊന്നും സംഭവിച്ചില്ല, വെറുമൊരു പേസ് ബൗളര്‍ മാത്രമായി അഗാര്‍ക്കറുടെ കരിയര്‍ അവസാനിക്കുകയായിരുന്നു.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. ഇന്ത്യക്കു വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും നാലു ടി20കളും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 2007ലെ പ്രഥമ ടി20 ലോകകപ്പ് ചാംപ്യന്മാരായ ടീമിലും അംഗമായിരുന്നു. കരിയറില്‍ 349 വിക്കറ്റുകളെടുത്ത അദ്ദേഹം 2013ല്‍ ക്രിക്കറ്റിനോടു വിടപറയുകയും ചെയ്തു. അഗാര്‍ക്കറെ സച്ചിനുമായി തുടക്കകാലത്ത് താരതമ്യം ചെയ്യാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം. പേസ് ബൗളിങിലാണ് അഗാര്‍ക്കര്‍ ക്ലിക്കായതെങ്കിലും മികച്ചൊരു ബാറ്റ്സ്മാന് ആവാനായിരുന്നു ആദ്യ കാലത്തു താരം ശ്രമിച്ചത്.
യഥാര്‍ഥത്തില്‍ ബാറ്റിങിനോടായിരുന്നു ആദ്യം കൂടുതല്‍ ഇഷ്ടം. നല്ലൊരു ബാറ്റ്സ്മാനായി മാറാനും ആഗ്രഹിച്ചിരുന്നു. സ്കൂള്‍ തലത്തില്‍ ബാറ്റിങില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. സച്ചിന്റെ കോച്ചായിരുന്ന രമാകാന്ത് അച്ചരേക്കര്‍ക്കു കീഴിലായിരുന്നു പരിശീലനം. തന്നില്‍ സ്പെഷ്യലായി എന്തോ ഉണ്ടെന്നു അദ്ദേഹത്തിനും തോന്നിക്കാണും. അച്ചരേക്കറുടെ കളരിയില്‍ നിന്നും വന്ന ഏറ്റവും കേമനെന്ന് അന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് സച്ചിനായിരുന്നു. പ്രവീണ്‍ ആംറെയെടക്കം പലരും അച്ചരേക്കറുടെ ശിക്ഷ്യന്‍മാരാണെങ്കിലും അവരൊന്നും സച്ചിനോളം പ്രശസ്തരായില്ലെന്നും അഗാര്‍ക്കര്‍ വിശദമാക്കി.
അച്ചരേക്കറുടെ ശിക്ഷ്യനായതിനാലും സ്കൂള്‍ തലത്തില്‍ ബാറ്റിങില്‍ നല്ല പ്രകടനം നടത്തുന്നതിനാലും പലരും തന്നെ അന്നു താരതമ്യം ചെയ്തത് സച്ചിനോടായിരുന്നു. അടുത്ത സച്ചിന് താനായിരിക്കുമെന്നും പലരും ഉറച്ചു വിശ്വസിച്ചു. ഇപ്പോള്‍ 16ാം വയസ്സിലൊക്കെ മികച്ച ബാറ്റിങ് കാഴ്ചവച്ചാല്‍ ഐപിഎല്ലില്‍ അവസരം ലഭിക്കും. ഐപിഎല്ലില്‍ തിളങ്ങിയാല്‍ അതു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്യും. അന്നു ഐപിഎല്‍ പോലെ വലിയ അവസരങ്ങളൊന്നും ജൂനിയര്‍ താരങ്ങള്‍ക്കില്ല. സ്കൂള്‍ തലത്തില്‍ ഏറെ റണ്‍സെടുത്തു കൊണ്ടിരുന്നതിനാല്‍ തന്നെ മുംബൈയില്‍ നിന്നും സച്ചിനു ശേഷം പുതിയ ബാറ്റിങ് സെന്‍സേഷനെന്നു പലരും തന്നെ വിശേഷിപ്പിക്കാന്‍ തുടങ്ങിയെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
അച്ചരേക്കറിലും ഒരേ നാട്ടുകാരാണെന്നതിലും തീരുന്നില്ല സച്ചിനും അഗാര്‍ക്കറും തമ്മിലുള്ള സാമ്യം. ഒരേ സ്കൂളില്‍ തന്നെയാണ് ഇരുവരും പഠിച്ചുവെന്നത് മറ്റൊരു പ്രത്യേകതയാണ്. അന്നു സ്കൂളില്‍ പഠിക്കവെ സച്ചിന് തന്റെ ഗ്ലൗസും പാഡുകളും തനിക്കു സമ്മാനിച്ചതായി അഗാര്‍ക്കര്‍ വെളിപ്പെടുത്തി. ഒരേ സ്കൂളിലായതിനാലും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാലുമാവാം സച്ചിന് തന്റെ ഗ്ലൗസുകളും പാഡും തനിക്കു സമ്മാനിച്ചത്. അന്നു സച്ചിനെ അത്ര നന്നായി അറിയില്ലായിരുന്നു. അദ്ദേഹം സമ്മാനിച്ച പാഡുകള്‍ താന്‍ ഉപയോഗിച്ചില്ല. ഒരുപക്ഷെ അതുപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ബാറ്റ്സ്മാനായി താന്‍ മാറുമായിരുന്നുവെന്നും അഗാര്‍ക്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: