തിരുവനന്തപുരം: ക്വാറന്റൈന് സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാത്തതോടെ സ്ഥിതി കൈവിട്ടു പോകുമോയെന്ന് സംസ്ഥാനത്തിന് ആശങ്ക. എന്തിനും സര്‍വസജ്ജമെന്ന് പറഞ്ഞിരുന്ന ആരോഗ്യ മന്ത്രിയാകട്ടെ രോഗവ്യാപനം വന്‍തോതില്‍ ഉണ്ടായാല്‍ വേണ്ടത്ര ശ്രദ്ധ നല്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
വിമാനത്താവളം വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് 55,045 പേരാണ് പ്രവാസികളായി എത്തിയത്. ഇതില്‍ രോഗലക്ഷണം ഉള്ളവരെന്ന് സംശയിക്കുന്നവരെയാണ് സര്‍ക്കാര്‍ നീരിക്ഷണ കേന്ദ്രത്തില്‍ ആക്കിയത്. എന്നാല്‍ ഹോം ക്വാറന്റൈനില്‍ ആയവരാണ് വൈറസ് പിടിപെടുന്നവരില്‍ അധികവും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവരില്‍ നിന്നാണ് ഇപ്പോള്‍ രോഗ വ്യാപനം ഉണ്ടാകുന്നത്. ഇവര്‍ക്ക് കാര്യമായ ക്വാറന്റൈന് സംവിധാനം ഏര്പ്പെടുത്താതായതോടെ ഇവരുടെ കുടുംബങ്ങള്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യ വിഭാഗം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നിട്ടും ക്വാറന്റൈന് സംവിധാനത്തെ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നില്ല. പ്രവാസികള്‍ക്ക് ഹോം ക്വാറന്റൈന് മതിയെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍.
ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ നിരത്തുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നുണ്ട്. ഇത് മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആപത്തിലേക്ക് നീങ്ങുമെന്നും വിലയിരുത്തുന്നു. സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് വൈറസ് ബാധ പിടിപെടുന്നുണ്ട്. നിലവില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതും സമ്പര്‍ക്കത്തിലൂടെ പിടിപെട്ടതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വൈറസ് വ്യാപനത്തിന്റെ മൂന്നാംഘട്ടം അപകടകരമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് രണ്ടാം ഘട്ടത്തില്‍ തന്നെ കേന്ദ്ര ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ഇതും കാര്യമായി എടുത്തില്ല. കൊറോണയെ പിടിച്ചുകെട്ടി എന്ന വ്യാപകമായ പ്രചാരണമാണ് ഈ സമയത്തെല്ലാം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: