നമ്പൂതിരി സമുദായത്തിലെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും മുന്‍പുണ്ടായിരുന്ന ജീര്‍ണതകളും അസമത്വങ്ങളും തുറന്നു കാണിച്ച പല സിനിമകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ മിക്കതും നോവലുകളുടെയോ ചെറുകഥകളുടെയോ ചലച്ചിത്രഭാഷ്യവുമായിരുന്നു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’ മാടമ്പ് കുഞ്ഞുക്കുട്ടന്റെ ‘അശ്വത്ഥാമാവ്’ എന്നിവ ഇത്തരത്തില്‍ പ്രശസ്തി നേടിയവയാണ്.
സമുദായം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കുള്ളില്‍ സ്വയം ഹോമിച്ചു തീരാന്‍ മാത്രം വിധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമകളെല്ലാം പ്രേക്ഷകനോട് സംവദിച്ചിട്ടുള്ളത്. അടുക്കളയിലെ കരിപുരണ്ട ജീവിതത്തിലും വടക്കിനിയിലെ തേവാരത്തിലും തളച്ചിട്ടിരുന്ന സ്ത്രീജന്മങ്ങള്, നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നേടി സ്വന്തം സമുദായത്തിനോട് കലഹിച്ച് വിപ്ലവകാരിയായിത്തീരുന്ന പുരുഷന്മാര്, വേദനയും ദുഃഖവുമെല്ലാം മറക്കുടയിലൊളിപ്പിച്ച് ആരുമറിയാതെ വിതുമ്പിക്കരയുന്ന അന്തര്‍ജ്ജനങ്ങള്‍… ഇങ്ങനെ മനുഷ്യജീവിതത്തിന്റെ വിഭിന്നഭാവങ്ങള്‍ സിനിമയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍പ്പെട്ട് എരിഞ്ഞുതീര്‍ന്ന മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ ഒരു നോവലാണ് കെ.ബി.ശ്രീദേവിയുടെ ‘യജ്ഞം.’ നാല്പ്പത്തിയഞ്ചുവര്ഷത്തിന് ശേഷം ഈ നോവല്‍ സിനിമയായിരിക്കുന്നു. അതേപേരില്‍ നിര്‍മിക്കപ്പെട്ട സിനിമയ്ക്ക് 45 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. കെ.ബി. ശ്രീദേവിയുടെ പേരമകളും മാധ്യമ പ്രവര്‍ത്തകയുമായ രഞ്ജന ആര്. ആണ് സംവിധായിക.
നോവലിന്റെ അതേപടിയുള്ള ദൃശ്യാവിഷ്കാരമാണ് രഞ്ജന ചെയ്തിട്ടുള്ളതെങ്കിലും സിനിമയുടെ ദൈര്‍ഘ്യത്തിനനുസരിച്ച് കഥാവതരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലെ സാമൂഹ്യജീവിതമാണ് സംവിധായിക വരച്ചുകാട്ടുന്നത്.
പ്രധാന കഥാപാത്രങ്ങളായ കുഞ്ഞിക്കുട്ടന്റെയും നങ്ങേമയുടെയും വിവാഹദിനം മുതലാണ് ചിത്രം ആരംഭിക്കുന്നത്. കുളി കഴിഞ്ഞു വന്ന കുഞ്ഞിക്കുട്ടന്‍ നങ്ങേമ അത്താഴം വിളമ്പിക്കൊടുക്കുന്നു. ഭക്ഷണശേഷം അതേ ഇലയില്‍ നങ്ങേമയും കഴിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഒരുമയും പാരസ്പര്യവും ഊട്ടിയുറപ്പിക്കാന്‍ നടത്തുന്ന ആചാരങ്ങള്‍. പുതുമോടിയുടെ സുഖങ്ങളും ദുഃഖങ്ങളും ഒരുമിച്ച് അനുഭവിച്ചുകൊണ്ടുള്ള അവരുടെ ജീവിതാവിഷ്കരണത്തിലൂടെ ചലച്ചിത്രം മുന്നേറുന്നു. കലാസ്വാദകനും ആധുനികനുമായ കുഞ്ഞിക്കുട്ടന്‍ ഒട്ടും പ്രതീക്ഷിക്കാതെ, ചെയ്യാത്ത കുറ്റത്തിന് ഭ്രഷ്ടനാക്കപ്പെടുന്നു. തുടര്‍ന്ന് അയാള്‍ നാടുവിടുന്നു. ഭ്രഷ്ടനായ നമ്പൂതിരിയുടെ ഭാര്യ പ്രസവിക്കുന്നു. പെണ്‍കുട്ടി സാവിത്രി. വിലക്കുകള്‍ക്കുള്ളില്‍ തന്നെയാണ് അവളും വളരുന്നതെങ്കിലും, അവയെ പൊളിച്ചുകളയാനുള്ള മനശ്ശക്തിയുള്ളവള്. സാവിത്രിയുടെ ഏറ്റവുമടുത്ത സുഹൃത്താണ് മറ്റൊരു നമ്പൂതിരിയുടെ മകനായ കുട്ടന്.
അമ്മ മരിക്കുകയും, സമൂഹം ധിക്കാരിയെന്നു വിളിക്കുകയും ചെയ്തപ്പോള്‍ സാവിത്രിക്ക് താങ്ങായത് കുട്ടന്. ഒടുവില്‍ വീണ്ടും സമുദായം ഇവരുടെ വിവാഹത്തിന് തടസ്സം നിന്നപ്പോള്‍, അവയെല്ലാം മറികടന്ന് സാവിത്രിയെ തന്റെ ജീവിതസഖിയാക്കുന്നു അയാള്‍. ആ സമയത്താണ് നാടുകടത്തപ്പെട്ട അച്ഛന്റെ ഒരു കത്ത് സാവിത്രിക്ക് ലഭിക്കുന്നത്. ദൂരെ കാശിയില്‍ അവരുടെ വരവും കാത്ത് അദ്ദേഹം ഇരിക്കുന്നുവത്രേ. അച്ഛനെ കാണാനായി കുട്ടനും സാവിത്രിയും പോകാന്‍ തീരുമാനിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ചലച്ചിത്ര ലോകത്ത് പരിചിതരായവരും പുതുമുഖങ്ങളും ഒന്നിക്കുന്ന അഭിനയ നിരയാണ് ചിത്രത്തില്‍. പ്രധാന കഥാപാത്രമായ കുഞ്ഞിക്കുട്ടനെ അവതരിപ്പിച്ച നടന് ശരത് ദാസ് കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. പരിചയസമ്പത്തും അതില്‍നിന്നുണ്ടാകുന്ന അനായാസതയും കുഞ്ഞിക്കുട്ടനെ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാവുന്ന കഥാപാത്രമാക്കി മാറ്റിയിരിക്കുന്നു. താരതമ്യേന സിനിമാഭിനയത്തില്‍ പുതുമുഖമായ സുമിത്ര സുനില്‍ ആണ് നങ്ങേമയായി അഭിനയിച്ചിട്ടുള്ളത്. ആ കഥാപാത്രത്തിനു വേണ്ടതെല്ലാം ഒത്തിണങ്ങിയ ആള് തന്നെയാണ് സുമിത്ര. പലപ്പോഴും ഘനീഭവിച്ച ദുഃഖം പുറത്തേക്ക് ഒഴുകാതെ അഭിനയിക്കാനുള്ള അപാരമായ കഴിവാണ് അവര്‍ പുറത്തെടുത്തത്. ഭ്രഷ്ടനായ ഭര്‍ത്താവ് പടികടന്ന് പോകുമ്പോഴും, കാരണവന്മാര്ക്കെതിരെ മകള്‍ യുദ്ധത്തിന് ഒരുങ്ങുമ്പോഴുമെല്ലാം കൈത്തഴക്കമുള്ള, ഒതുക്കമുള്ള പ്രകടനമാണവര്‍ കാഴ്ചവച്ചത്.
കുഞ്ഞിക്കുട്ടന്റെ മകള്‍ സാവിത്രിയായി അഭിനയിച്ച നീരദയും, അവളുടെ കാമുകന്റെ വേഷത്തില്‍ വന്ന സച്ചിന് നെഢത്തും മികച്ച പ്രകടനം നടത്തി.
ഒരല്പം ധിക്കാരിയും എന്നാല്‍ തന്നെ സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടുന്നവളുമായ സാവിത്രിയുടെ റോള്‍ ഏറെ പക്വതയോടെയാണ് നീരദ കൈകാര്യം ചെയ്തിട്ടുള്ളത്. അനായാസമായ അഭിനയ ശൈലിയിലൂടെ സച്ചിന് എന്ന യുവാവ് കുട്ടന്റെ വേഷം അവിസ്മരണീയമാക്കി. നല്ലൊരു ശരീരഭാഷയ്ക്ക് ഉടമയായ ഈ യുവാവ് അഭിനയരംഗത്ത് ഇനിയും ധാരാളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈ ഹ്രസ്വചിത്രത്തിലെ പ്രകടനം വ്യക്തമാക്കുന്നു.
തങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയ മറ്റു രണ്ട് പ്രധാന അഭിനേതാക്കളാണ് നടന് ബാബു നമ്പൂതിരിയും (കുട്ടന്റെ അച്ഛന്), കുഞ്ഞിക്കുട്ടന്റെ അമ്മ മാതേംഗലത്തമ്മയായി അഭിനയിച്ച പദ്മജ കൃഷ്ണനും ഒറ്റരംഗത്തിലേ വരുന്നുള്ളൂവെങ്കിലും ബാബു നമ്പൂതിരി അവതരിപ്പിച്ച കവലക്കാട്ട് നമ്പൂതിരി വല്ലാത്തൊരു അനുഭവം നല്‍കുന്നുണ്ട്. അതുപോലെ ഡബ്ബിങ്ങിലെ അനായാസതയും മുഖാഭിനയത്തിന്റെ കൃത്യതയുംകൊണ്ട് പദ്മജയും. യദു വെണ്മണി (നീലാണ്ടന്), ഷീന നാരായണന് (പാപ്തി), വാസുദേവന്‍ കോതമംഗലം(വല്ല്യച്ഛന്) പരമേശ്വരന് നാമംഗലം (കൃഷ്ണന് പട്ടേരി) എന്നീ കഥാപാത്രങ്ങളും അഭിനേതാക്കളും ഈ ഹ്രസ്വചിത്രത്തിലുണ്ട്.
രജനയും വിജേഷ് കമ്പ്രത്തും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുള്ളത്. നോവലില്‍ പറയുന്ന സംഭാഷണങ്ങള്തന്നെയാണ് ഏറെക്കുറെ ഇതിലുമുള്ളത്. ആദ്യ സംരംഭം എന്ന നിലയില്‍ സംവിധായകയ്ക്ക് സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള വക സിനിമയിലുണ്ട്. ഒന്നാമതായി നവതരംഗ സിനിമാ രീതിയില്‍ നിന്നു മാറി, കഥ തിരഞ്ഞെടുത്തതു മുതലുള്ള സംവിധായികയുടെ മനോഭാവം, ദൃശ്യാവിഷ്കാരത്തെക്കുറിച്ചും തന്റെ മുന്നിലുള്ള പ്രേക്ഷകരെക്കുറിച്ചുള്ള ശരിയായ ബോധം ഇതൊക്കെ രഞ്ജനയുടെ സംവിധാനത്തില്‍ പ്രകടമാണ്. ലഭ്യമായ സമയത്തിനുള്ളില്‍ വളരെ ഭംഗിയായിത്തന്നെ ഒരു കഥ പറയാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. പഴയകാലത്തെ ദൃശ്യങ്ങളിലൂടെ കഥാന്തരീക്ഷത്തില്‍ തനിമ വരുത്താന്‍ സംവിധായികയും ഛായാഗ്രാഹകന്‍ സോണി സെബാസ്റ്റ്യനും ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ. മോനോനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.
ഒരു ഹൃസ്വ ചിത്രം എന്ന നിലയില്‍ യജ്ഞത്തെ വേറിട്ടു നിര്‍ത്തുന്ന മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ അവസ്ഥയിലേക്ക് ഒരു സമുദായം എങ്ങനെയെത്തിയെന്നതിലേക്ക് ചിന്തിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. അവയെല്ലാം വളരെ ലളിതമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ സിനിമകളിലെ സംഭാഷണങ്ങളില്‍ കേട്ടുവരുന്ന നമ്പൂതിരി ഭാഷയല്ല ഈ ചലച്ചിത്രത്തിലുള്ളത്. മദ്ധ്യ കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ തനതു സംസാരഭാഷയാണ് ഉപയോഗിച്ചത്.
വിനു വാസുദേവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: